കൊയ്റോയിൽ കൗതുകമായി വർക്ക് ഷോപ്പ്; ചരിത്രത്തിൽ ഇടംനേടിയ ഫോൺ ശേഖരം

ഈജിപ്തിലെ കെയ്റോയില്‍ ഒരു ടെലിഫോണ്‍ വര്‍ക്ക്ഷോപ്പുണ്ട്. ഒാരോ മണിക്കൂറിലും പുതിയ മോഡല്‍ മൊബൈല്‍ വിപണിയിലെത്തുന്ന ഈ കാലത്ത് കെയ്റോയിലെ ഹസന്‍ ടൗര്‍ക്കിയുടെ ഫോണ്‍ വര്‍ക്ക് ഷോപ്പ് ഒരു അതിശയമാണ്.  

പൂര്‍വികരാല്‍ കൈമാറി കിട്ടിയ സ്വത്ത് അഭിമാനത്തോടെ കൊണ്ട് നടക്കുകയാണ് ഹസന്‍ ടൗര്‍ക്കി. ലാന്റ് ഫോണുകള്‍ നന്നാക്കുന്ന വര്‍ക്ക്ഷോപ്പാണിത്. ഏത് കാലത്തെ ഫോണായിക്കോട്ടെ, തകരാര്‍ എന്തുമായ്ക്കോട്ടെ ഹസന്റെ കെയ്റോയിലെ അഠാബാ മാര്‍ക്കറ്റിലെ കടയിലെത്തിക്കാമെങ്കില്‍ ഫോണ്‍ നന്നാക്കിക്കിട്ടും. ആര്‍ക്കുംവേണ്ടാത്ത പഴഞ്ചന്‍ ഫോണുകള്‍ നന്നാക്കി ജീവിതം പാഴാക്കരുതെന്ന് ഹസനെ സുഹൃത്തുക്കളെപ്പോഴും ഉപദേശിക്കും. അവരോട് അഭിമാനത്തോടെ ഹസന്‍ പറയും അച്ഛനപ്പൂപ്പന്‍മാരായി തുടങ്ങിയ സ്ഥാപനമാണ്, തൊഴിലാണ്. അവരുടെ പിന്‍ഗാമിയാകുന്നതില്‍പരം സന്തോഷം മറ്റൊന്നില്ല. ടൗര്‍ക്കിയുടെ കയ്യിലെ ഫോണ്‍ ശേഖരം കണ്ടാല്‍ ആരുമൊന്ന് അമ്പരക്കും.

1933ലെ ഈജിപ്ഷ്യന്‍ ഭരണാധികാരിയായിരുന്ന കിങ് ഫാറൂഖിന്റെ രാജകീയ കോടതിയില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍, ചാര്‍ളി ചാപ്ളിന്‍ ഉപയോഗിച്ചിരുന്ന ചുമരില്‍ തൂക്കാവുന്ന ലാന്‍ഡ് ഫോണ്‍,ലോകപ്രശസ്ത മനശാസ്ത്രഞ്ജനായിരുന്ന തോംസണ്‍ ഹു‍ഡ്സണ് സീമന്‍സ് കമ്പനി സമ്മാനിച്ച ലാന്‍ഡ് ഫോണ്‍ അങ്ങനെ നീളുന്നു നിര. ഹസന്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിത്തുന്നതും മരത്തടിയില്‍ തീര്‍ത്ത ലാന്‍ഡ് ഫോണാണ്. ഹസന്റെ മക്കള്‍ കളിയാക്കി പറയും അച്ഛന്‍ ആര്‍ക്കും വേണ്ടാത്ത ഫോണിനേം സംരക്ഷിക്കും ആര്‍ക്കും വേണ്ടാത്ത ഈ കുറിഞ്ഞിപ്പൂച്ചകളേയും സംരക്ഷിക്കും. ആ സന്തോഷം പണംകൊണ്ടളക്കാനാവില്ല മക്കളേയെന്ന് ഹസന്‍ ചിരിയോടെ മറുപടികൊടുക്കും.