നെഹ്റുവിന്റെ ദന്ത ഡോക്ടറുടെ മകൻ; പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ്

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുപ്പക്കാരനായ ഡോ. ആരിഫ് അൽവി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇമ്രാന്റെ രാഷ്ട്രീയ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ ഡോ. ആരിഫിന്റെ വരവോടു കൂടി ഇമ്രാൻ ഭരണത്തിൽ കൂടുതൽ പിടിമുറുക്കി.

ഡോ. ആരിഫ് അല്‍വിയ്ക്ക് രസകരമായ ഒരു ഇന്ത്യന്‍ ബന്ധമുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് ഡോ.ഹബീബ് റഹ്മാന്‍ ഇലാഹി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ദന്തഡോക്ടറായിരുന്നു. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് പോയവരാണ് അല്‍വിയുടെ മുന്‍ഗാമികള്‍. ആഗ്രയിലായിരുന്നു ഡോ.ആരിഫ് അല്‍വിയുടെ കുടുംബ സ്ഥലം. അല്‍വിയുടെ കുടുംബം പാക്കിസ്ഥാനില്‍ എത്തിയ ശേഷവും നെഹ്റു ഇവരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നതായും ആ കത്തുകളൊക്കെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും തെഹ്‌രീകെ ഇൻസാഫിന്റെ വെബ്സൈറ്റില്‍ പറയുന്നു. പിതാവിന്‍റെ പാത പിന്തുടര്‍ന്ന അദ്ദേഹം പിന്നീട് ദന്തഡോക്ടറായി. ഇരു രാജ്യങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ച ശേഷം 1947ൽ കറാച്ചിയ്ൽ വെച്ചായിരുന്നു ആരിഫ് അൽവിയുടെ ജനനം. പാക്കിസ്ഥാന്റെ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ കുടുബവും ‍ഡൽഹിൽ നിന്നും പാക്കിസ്ഥാനിലേക്ക കുടിയേറിവരാണ്. 

പാകിസ്താന്റെ പ്രസിഡന്റായി ആരിഫ് അൽവി തിരഞ്ഞെടുക്കപ്പെട്ടതോടെ പാക് സർക്കാരിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ സ്വാധീനം വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇമ്രാന്റെ ഏറ്റവും വിശ്വസ്തനാണ് ആരിഫ്. 2006 മുതൽ 2013 വരെ പി.ടി.ഐ.യുടെ സെക്രട്ടറി ജനറലായിരുന്നു. ജൂലായ് 25-ന് നടന്ന തിരഞ്ഞെടുപ്പിൽ കറാച്ചി മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് ആരിഫ് അസംബ്ലിയിലെത്തിയത്. സംയുക്ത സ്ഥാനാർഥിയെ കണ്ടെത്തുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടതിനാൽ ആരിഫിന്റെ വിജയം നേരത്തേ പ്രവചിക്കപ്പെട്ടിരുന്നു.