ട്രംപിന്റെ മനസുമാറി; കുഞ്ഞുങ്ങളെ മാതാപിതാക്കളിൽ നിന്നും അകറ്റില്ല

മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുന്ന അമേരിക്കയിലെ വിചിത്രമായ അഭയാര്‍ഥി നയത്തില്‍ നിന്ന്  ട്രംപ് ഭരണകൂടം പിന്‍മാറി.  രാജ്യത്തിനകത്തും പുറത്തും ഉയര്‍ന്ന കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം ഒപ്പം നിര്‍ത്താന്‍ അനുവദിക്കുന്ന പുതിയ നിയമത്തില്‍  ട്രംപ് ഒപ്പുവച്ചു. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് അപ്പോഴും പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

നിയമത്തിന്റെ പേരു പറഞ്ഞ് കുടുംബങ്ങളെ അകറ്റി നിര്‍ത്തുന്നതിനോട് ഹൃദയമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ല. അത് കാടന്‍ നയമാണ് .മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. അതുകൊണ്ട് ‍‍ഞാന്‍ അത് പൊളിച്ചെഴുതുന്നു. പുതിയ ഉത്തരവ് കുടുംബങ്ങളെ ഒരുമിച്ച് നിര്‍ത്താനാണ്. കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മനസ് മാറിയ ഡോണള്‍ഡ് ട്രംപിന്റെ  വാക്കുകളാണ്. 

അച്ഛനമ്മമാരില്‍ നിന്ന് അകന്ന്് ശിശുസംരക്ഷകേന്ദ്രങ്ങളില്‍ കഴിയുന്ന കുഞ്ഞുങ്ങളുട ദയനീയ ചിത്രങ്ങള്‍ കാണാനിടയായെന്നും ഡോണള്‍ഡ് ഡ്രംപ് പറയുന്നു.ഒപ്പം പ്രഥമ വനിത മെലാനിയാ ട്രംപും മകള്‍ ഇവാങ്ക ട്രംപും കുടിയേറ്റ നയത്തില്‍ മാറ്റം വരുത്താന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.  വൈസ് പ്രസിഡന്റ് മൈക് പെന്‍സും, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റിജന്‍ നെല്‍സന്റെയും സാനിധ്യത്തിലാണ് ഉത്തരവില്‍ ഒപ്പുവച്ചത്.

പുതിയ ഉത്തരവ് പ്രകാരം അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥി കുടുംബങ്ങളെ അറസ്റ്റ് ചെയ്യും. കുട്ടികളെയും അവര്‍ക്കൊപ്പം നിര്‍ത്തും. എന്നാല്‍ പ്രസിഡന്റിന്റെ പുതിയ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവില്‍ വേര്‍ത്തിരിച്ച് ശിശു സംരക്ഷണകേന്ദ്രങ്ങവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കളെ തിരിച്ചേല്‍പ്പിക്കേണ്ട ജോലിയുമുണ്ട്.