ജി 7: ട്രംപിന്‍റെ ചീത്തപറഞ്ഞ് ഇറങ്ങിപ്പോക്ക്

തന്‍റെ ഭരണകാലത്തെ ഏറ്റവും വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് രാജ്യാന്തരബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ സ്വയം പരാജയമാണെന്ന് തെളിയിച്ചു ഡോണള്‍ഡ് ട്രംപ്. ലോകത്തെ വന്‍ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 നില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് അദ്ദേഹം സിംഗപൂരിലേക്ക് പോയത്. സംയുക്തപ്രസ്താവനക്ക് നിന്നില്ലെന്ന് മാത്രമല്ല ആതിഥേയനായ കാനഡ പ്രധാനമന്ത്രിയെ ചീത്തവിളിക്കുകയും ചെയ്തു ട്രംപ്. ഇറക്കുമതി തീരുവ നയമാണ് അംഗരാജ്യങ്ങളുമായുള്ള തെറ്റലിന് ഇടയാക്കിയത്.

കാനഡയിലേക്ക് ഡോണള്‍ഡ് ട്രംപ് വന്നതേ ഉടക്കുമൂഡിലാണ്. വന്നയുടന്‍ വന്‍ശക്തിരാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് റഷ്യയെ മടക്കിക്കൊണ്ടുവരണമെന്ന് പറഞ്ഞ് അംഗരാജ്യങ്ങളെയാകെ അസ്വസ്ഥരാക്കി അദ്ദേഹം. ക്രൈമിയ അധിനിവേശത്തെത്തുടര്‍ന്ന് പുറത്താക്കിയ റഷ്യയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ജര്‍മനിയുടെ ആംഗലമെര്‍ക്കല്‍ ആണയിട്ടു. ശീതയുദ്ധത്തിന് ശേഷം റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമായിരുന്നു ക്രൈമിയ അധിനിവേശത്തെത്തടുര്‍ന്നുണ്ടായത്. റഷ്യയെ പാഠം പഠിപ്പിക്കാനാണ് എട്ടു സമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്‌മയായ ജി-8ൽ നിന്നു റഷ്യയെ പുറന്തള്ളാനുള്ള തീരുമാനം ഉണ്ടായത്. റഷ്യയ്‌ക്കെതിരെ കൂടുതൽ കർക്കശവും വ്യാപകവുമായ ഉപരോധ നടപടികൾ കൈക്കൊള്ളാനും അന്ന് പാശ്‌ചാത്യ രാജ്യങ്ങൾ തീരുമാനിച്ചു. ക്രൈമിയയില്‍ നിലപാട് മാറ്റാതെ റഷ്യയെ കൂടെക്കൂട്ടില്ലെന്ന് അംഗരാജ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ ട്രംപ് ഒറ്റപ്പെട്ടു. പിന്നീടങ്ങോട്ട് നടന്ന ചര്‍ച്ചകളിലെല്ലാം കൈകെട്ടിയിരുന്ന് കാഴ്ചക്കാരനായി അമേരിക്കന്‍ പ്രസിഡന്‍റ്.

പക്ഷേ വ്യാപാരബന്ധത്തിലേക്ക് കടന്നതോടെ ട്രംപ് സജീവമായി. അംഗരാജ്യങ്ങളോട് പ്രത്യേകിച്ച് കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നിവരോടുള്ള പുച്ഛവും അഭിപ്രായഭിന്നതയും പ്രകടമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍രെ വാക്കുകള്‍.ശരിയായ തര്‍ക്കം തുടങ്ങിയത് ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. 

കാനഡയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നും  മെക്സിക്കോയില്‍ നിന്നുമുള്ള  ഉരുക്ക് ഉൽപന്നങ്ങൾക്ക് 25 ശതമാനവും അലുമിനിയം ഉൽപന്നങ്ങൾക്കു 10 ശതമാനവുമാണ് യുഎസ്  ഇറക്കുമതി തീരുവ ചുമത്തിയത്.  അമേരിക്കന്‍ ആഭ്യന്തര ഉല്‍പാദകരെ സഹായിക്കാനെന്ന പേരിലുള്ള നടപടിക്ക്  യൂറോപ്പും കാനഡയും മെക്സിക്കോയും മറുപടി നല്‍കി. അമേരിക്കയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അവരും ഇറക്കുമതി തീരുവ ഏറ്‍പ്പെടുത്തുമെന്നായിരുന്നു വെല്ലുവിളി. നാറ്റോയ്ക്ക് അമേരിക്ക നല്‍കുന്ന സാമ്പത്തികസഹായം വളരെ വലുതാണെന്ന് ആവര്‍ത്തിച്ച ട്രംപ് കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ദേശീയസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തി. വ്യാപരബന്ധത്തില്‍ സ്വയം വിഡ്ഢികളാവാനാവില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞു ശത്രുവായാലും മിത്രമായാലും അമേരിക്കന്‍ താല്‍പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പുകള്‍ക്കില്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.തര്‍ക്കം മുറുകിയതോടെ സംയുക്തപ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഡോണള്‍ഡ‍് ട്രംപ് ക്വിബെക് വിട്ടു

എല്ലാവരയും െഞെട്ടിച്ചുകൊണ്ട് ഏറ്റവും അടുത്ത സഖ്യരാജ്യമായ കാനഡയ്ക്കും അതിന്‍റെ പ്രധാനമന്ത്രിക്കും എതിരെ ഡോണള്‍ഡ് ട്രംപ് സമാനതകളില്ലാത്ത ആക്രമണം തുടങ്ങി. ജസ്റ്റിന്‍ ട്രൂഡോ ചതിയനും പിന്നില്‍ നിന്ന് കുത്തുന്നവനുമാണെന്ന് പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു. പരസ്പരബന്ധം ഉൗട്ടിയുറപ്പിക്കേണ്ട ജി 7 ശത്രുരാജ്യങ്ങളെ സൃഷ്ടിക്കുന്നതാണ് പിന്നീട് കണ്ടത്.  വൈറ്റ് ഹൗസ് ഉപദേശകര്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ രംഗത്തെത്തി. 

ജസ്റ്റിന്‍ ട്രൂഡോയുടെ ഏത് വാക്കുകളാണ് അമേരിക്കയെ ഇത്ര പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല. ഏതായാലും സിംഗപൂരിലെത്തിയിട്ടും ട്രംപിന്‍റെ കലിയടങ്ങിയില്ല. യൂറോപ്യന്‍ യൂണിയനും കാനഡയും ജര്‍മനിയും അന്യായയമായ കച്ചവടതാല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണെന്നും സ്വന്തം ദേശീയസുരക്ഷയ്ക്ക് പണം മുടക്കുന്നതില്‍ പിശുക്കന്‍മാരാണെന്നും ട്വീറ്റ് ചെയ്തു പ്രസിഡന്‍റ്. ജര്‍മനിയും ഫ്രാന്‍സും യുകെ.യും ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്തുണയുമായെത്തി. ഇറക്കുമതി തീരുവയെ ദേശീയ സുരക്ഷാ ചിലവുകളുമായി കൂട്ടിക്കുഴയ്ക്കുന്ന ട്രംപിന്‍റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് കനേജിയന്‍ വിദേശകാര്യമന്ത്രിയും പറഞ്ഞു. കാനഡ ഇത്തരത്തില്‍ അവഹേളിക്കപ്പെട്ട അവസരം മുമ്പുണ്ടായിട്ടില്ലെന്നും അവര്‍ ഒാര്‍മിപ്പിച്ചു.  പക്ഷേ ട്രംപിന്‍റെയും അനുയായികളുടെയും പ്രകോപനത്തോട് പക്വതയോടെയായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം.

ഉത്തരകൊറിയയുമായുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജി 7 സംഭവങ്ങളെ വിശദീകരിക്കാനായിരുന്നുവൈറ്റ് ഹൗസിന്‍റെ ശ്രമം. അമേരിക്കന്‍ പ്രസിഡന്‍റ് എത്ര ശക്തനാണ് എന്നതിന്‍റെ പ്രകടനമാണ് ജി 7 സംയുക്തപ്രസ്താവനയെ തള്ളിപ്പറയലെന്ന് ട്രംപ് അനുയായികള്‍ അവകാശപ്പെട്ടു.  പക്ഷേ സഖ്യരാജ്യങ്ങളെ പിണക്കുന്നയാള്‍ക്ക്  ലോകത്തിലേറ്റവും ക്രൂരനായ ഒരു ഏകാധിപതിയുമായി എങ്ങനെ ധാരണയിലെത്താന്‍ കഴിയുമെന്നായിരുന്നു മറുചോദ്യം. നയതന്ത്രരംഗത്തും വ്യാപാരബന്ധത്തിലും ഡോണള്‍ഡ് ട്രംപ് സമ്പൂര്‍ണപരാജയമാണ് എന്നതിന്‍റെ തെളിവാണ് കാനഡ സംഭവങ്ങളെന്ന് കുറ്റപ്പെടുത്തലുയര്‍ന്നു. രാജ്യാന്തരബന്ധങ്ങളെ വീട്ടുവഴക്കുപോലെ കണക്കാക്കുന്ന ട്രംപിനെ ചിലര്‍ പരിഹസിച്ചു. പക്ഷേ ഡോണള്‍ഡ് ട്രംപില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണഅടതില്ലെന്നായിരുന്നു മറ്റു ചിലര്‍ പറഞ്ഞത്. പാരിസ് കാലാവസഥാ ഉച്ചകോടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ, ഇറാന്‍ ആണവകരാറിനെ തള്ളിക്കള‍ഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റിന്  തൊട്ടുത്ത  സഖ്യരാജ്യങ്ങളോടും പുച്ഛമാണെന്ന് തെളിയിക്കുന്നതായി ജി 7 ചര്‍ച്ചകള്‍. ഉത്തരകൊറിയയുമായുള്ള ചര്‍ച്ച തന്നെ സമാധാന നൊബേലിന് അര്‍ഹനാക്കുമെന്നാണ് ട്രംപ് പറയുന്നത്. പക്ഷേ ലോകസമാധാനത്തിന്‍രെ അടിസ്ഥാനമായ രാജ്യാന്തരകൂട്ടായ്മകളെയെല്ലാം തള്ളിപ്പറയുന്ന ഒരു വ്യക്തി എങ്ങനെ സമാധാനസ്ഥാപകനാവുമെന്ന ചോദ്യം പ്രസക്തമാണ്.