അത് എങ്ങും പോയിട്ടില്ല; വൈറ്റ് ഹൗസിലെ ഒാക്കു മരം: ട്രോളുകള്‍ക്കൊടുവില്‍ രഹസ്യം പുറത്ത്

വൈറ്റ് ഹൗസില്‍ നിന്ന് കാണാതായ ആ ഒാക്കുമരത്തിന് പിന്നാലെയായിരുന്നു ലോകം. ഇതെങ്ങോട്ട് പോയി എന്നു പലരും ചിന്തിച്ചു. വൈറ്റ് ഹൗസില്‍ കയറി ചരിത്രപ്രാധാന്യം തന്നെയുള്ള ആ മരം മോഷ്ടിക്കാന്‍ സാധിക്കുമോ?. ഇനി വൈറ്റ് ഹൗസ് തന്നെ മരം നീക്കിയോ? അഭ്യൂഹങ്ങള്‍ പലതും പരന്നു.  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോനാണ് ഡോണള്‍ഡ് ട്രംപിന് ഒാക്കുമരം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് വൈറ്റ് ഹൗസില്‍ മരം നടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇൗ മരം കാണാതായി. പക്ഷേ ഒടുവില്‍ സത്യം കണ്ടെത്തി.

വിദേശിയായ ഓക്കുമരത്തൈ പരാദ സസ്യ പരിശോധനക്കായി ലാബിലേക്ക് മാറ്റിയതായിരുന്നു. അന്ന് ഫ്രഞ്ച് പ്രസിഡന്റ് അമേരിക്കയിലെത്തി ഉടന്‍ തന്നെ മരം നട്ടതിനാല്‍ പതിവ് പരിശോധനകള്‍ നടത്തിയിരുന്നില്ല. സാധാരണ വിദേശി മരങ്ങളെത്തിയാല്‍ പരാദ പരിശോധനയ്ക്ക് ശേഷമാണ് നടുന്നത്.  പരാദങ്ങളുണ്ടെങ്കില്‍ വൈറ്റ് ഹൗസിലെ മറ്റ് ചെടികളിലേക്ക് പടരാതിരിക്കാനാണ് ഇത്തരത്തില്‍ സൂഷ്മ പരിശോധന നടത്തുന്നത്. നിരീക്ഷണത്തിനും പരിശോധനയ്ക്കും ശേഷം പിന്നീട് ഒാക്കു മരത്തെ അതേ സ്ഥലത്ത് തന്നെ പുനഃസ്ഥാപിക്കും.