അതു താൻടാ എഫ്.ബി.ഐ..! ഞെട്ടി ട്രംപ്, അമേരിക്ക, ലോകം

‘അവർ ഈ രാജ്യത്തെയാണ് വെല്ലുവിളിക്കുന്നത്. എന്റെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തുന്നു. ഇത് ശരിയല്ല, ഇത് ജനങ്ങളെ വെല്ലുവിളിക്കലാണ്..’ ഈ ആവലാതിപ്പെടുന്നത് സാക്ഷാൽ അമേരിക്കൻ പ്രസിഡന്റാണ്. പറയുന്നത് തന്റെ കീഴിൽ പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസി, ഫെഡറൽ ബ്യൂറോ ഓഫ് ഇൻസ്റ്റിഗേഷനെ(FBl ) കുറിച്ചും..! 

അതെ, മൈക്കൽ കോയൽ എന്ന പ്രസിഡൻറിന്റെ അഭിഭാഷകന്റെ, വിശ്വസ്ഥന്റെ വസതിയിലും ഓഫീസിലും എഫ്ബിഐ ഉദ്യോഗസ്ഥർ കയറി, റെയ്ഡ് നടത്തി, രേഖകൾ പിടിച്ചെടുത്തു. ‘മുതിർന്ന ഉദ്യോഗസ്ഥനെന്നോ’ പ്രസിഡന്റിന്റെ അടുപ്പക്കാരനെന്നോ ഒരു പരിഗണനയും നൽകിയില്ല. ഔദ്യോഗിക രേഖകൾ, ഇ മെയ്‌‌ലുകള്‍ ഉൾപ്പെടെ പിടിച്ചെടുത്തു. നിയമം നിയമത്തിന്റെ വഴിയേ പോയി. ഉദ്യോഗസ്ഥർ മാന്യമായാണ് പെരുമാറിയതെന്നും തനിക്ക് വേദനയുണ്ടെന്നും കോയൻ പ്രതികരിച്ചു. ട്രംപിന്റെ വക്താക്കളായ റിപ്പബ്ലിക്കൻമാർ ടെലിവിഷൻ എഫ്ബിഐക്കെതിരെ ഉറഞ്ഞു തുള്ളി. 

മൈക്കൽ കോയന്റെ വസതിയിലും ഓഫീസിലും റെയ്ഡെന്നാൽ പ്രസിഡന്റിന്റെ വീട്ടിൽ കയറുന്നതിന് തുല്യമെന്നാണ് കോയനെ അറിയുന്നവർ പറയുന്നത്. വെറും വിശ്വസ്ഥനല്ല, പ്രസിഡന്റിന്റെ സർവ രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരൻ. അധികാരത്തിന്റെ ഇടനാഴികളിൽ പ്രമാണി. കോയന്റെ വസതിയിലെ റെയ്ഡിനെ കുറിച്ച് ഒരു നിരീക്ഷകൻ അഭിപ്രായപ്പെട്ടത് ഇങ്ങനെ: ‘മിസ്റ്റർ പ്രസിഡന്റ്, ഒരു ജനാധിപത്യരാജ്യത്ത് നിയമ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ മനസിലാക്കണം.’ അതാണ്, ജനാധിപത്യത്തിൽ അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണം എന്നതാണ് എഫ്ബിഐ കാട്ടിത്തരുന്നത്. മന്ത്രിയോ ഉദ്യോഗസ്ഥനോ പ്രസിഡന്റോ ആരുമാവട്ടെ, നിയമം എല്ലാവർക്കും ഒന്നുപോലെ. രാഷ്ട്രീയക്കാരുടെ ആക്രോശങ്ങൾ ഒഴിച്ചു നിർത്തിയാൽ അമേരിക്കൻ പൊതുസമൂഹവും ആ രീതിയെ മാനിക്കുന്നു എന്നതാണ് വസ്തുത. റെയ്ഡ് നടത്തിയാൽ കൂട്ടസമരമെന്ന വെല്ലുവിളിയൊന്നും അവിടെ കേട്ടില്ല. നിയമപരമായി നേരിടുമെന്ന് കോയന്റെ അഭിഭാഷകൻ പറഞ്ഞു. 

എന്തിനാണ് എഫ്ബിഐ റെയ്ഡ് നടത്തിയത് ? 

അശ്ലീല ചിത്ര നായികയുമായി ട്രംപിന്  ഉണ്ടായിരുന്ന ബന്ധം പുറത്തുവരാതിരിക്കാൻ അവർക്ക് പണം നൽകി സ്വാധീനിച്ചത് കോയെനാണെന്നാണ് ആക്ഷേപം. എഫ്ബിഐ കോയനി ലേക്കെത്തിയതാവട്ടെ ട്രംപിന്റെ റഷ്യ ബന്ധം അന്വേഷിക്കുന്ന മുൻ എഫ്ബിഐ ഡയറക്ടർ റോബർട്ട് മ്യൂളർ നൽകിയ സൂചന അനുസരിച്ചും. 

കോയന്റെ റഷ്യ ബന്ധം പുറത്തു വന്നതാണ്. അതുകൊണ്ടു തന്നെ കോയനും ട്രംപുമായുള്ള ഇമെയ്ൽ സന്ദേശങ്ങൾ പിടിച്ചെടുക്കുന്നത് മൂളർക്കും ഗുണം ചെയ്തേക്കും. മൂളറാണ് റെയ്ഡിന് പിന്നിലെന്നതാണ് ട്രംപിനെ ഏറെ ചൊടിപ്പിക്കുന്നത്. ‘കാലങ്ങളായി അയാൾ എന്നെ വേട്ടയാടുകയാണ്..’ പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് പറയുന്ന ഈ ‘വേട്ടക്കാരൻ മൂളറെ’ മുമ്പ് എഫ്ബിഐ ഡയറക്ടറാക്കിയത് ട്രംപിന്റെ പാർട്ടി തന്നെയാണ് എന്നതാണ് രസകരം. കോയന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്താൻ അനുമതിക്ക് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടായിരുന്നു എഫ്ബിഐയ്ക്ക്. 

ഒന്ന് ട്രംപ് നിയോഗിച്ച സ്റ്റേറ്റ് അറ്റോർണിയുടെ അനുവാദം, രണ്ട്, നിയമമന്ത്രാലയത്തിന്റെ അനുമതി , മൂന്ന് കോടതിയിൽ നിന്നുള്ള സെർച്ച് വാറന്റ്. ഇതു മൂന്നും നേടാനായി എന്നതു തന്നെ നിയമത്തിന്റെ വഴിയിൽ ഇടപെടലുകളോ ഇടങ്കോലുകളോ ഇല്ലെന്ന് വ്യക്തമാക്കുന്നു. അതായത് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ പ്രസിഡന്റിന്റെ വഴിയിലെ വൻ വെല്ലുവിളി വരുന്നത് അദ്ദേഹത്തിന്റെ പാർട്ടിക്കാരിൽ നിന്നു തന്നെ. റിപബ്ലിക്കൻ പാർട്ടി നിയോഗിച്ച സ്റ്റേറ്റ് അറ്റോർണി, അവരുടെ നിയമമന്ത്രാലയം... കോയനെ മാത്രമല്ല പ്രസിഡന്റിന്റെ മരുമകനുൾപ്പെടെ പല പ്രമുഖരെയും എഫ്ബിഐ വലയത്തിലാക്കിയിരിക്കുകയാണ്.  സാക്ഷാൽ പ്രസിഡന്റിനെ തന്നെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് റോബർട്ട് മൂളർ. ഇതെല്ലാം അങ്ങ് അമേരിക്കയിലായതു കൊണ്ട് നന്നായി. അല്ലെങ്കിൽ മൂളറുടെ മാത്രമല്ല , അറ്റോർണിയുടെയും റെയ്ഡിന് പോയ ഉദ്യോഗസ്ഥരുടെയുമെല്ലാം ഗതി ഓർക്കാൻ വയ്യ ! എതായാലും ഇതിങ്ങനെ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രസിഡന്റ് ട്രംപും പറയുന്നുണ്ട്.