150 തിമിംഗലങ്ങൾ കരയ്ക്കടിഞ്ഞു, ജീവനോടെ അവശേഷിച്ചത് അഞ്ചെണ്ണം മാത്രം, വിഡിയോ

പടിഞ്ഞാറൻ ഒാസ്ട്രേലിയയെ അപ്പാടെ കണ്ണീരിലാഴ്ത്തി 150 തിമിംഗലങ്ങളാണ് കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. ഹമെലിൻ ബേയിലെ കടപ്പുറത്തായിരുന്നു ഇൗ അസാധാരണകാഴ്ച.  രാത്രിയോടെയാണ് തിമിംഗലങ്ങൾ കരയിലേക്ക് നീന്തിവന്നത്. സാധാരണകൂട്ടത്തോടെ സഞ്ചരിക്കുന്ന ഇവ വഴിതെറ്റി കരയിലേക്ക് നീന്തി കയറിയതാകാെമന്നാണ് സൂചന. എന്നാൽ ഇതിന്  പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് വ്യക്തമല്ല. തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിയുന്നത് കണ്ട് പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തനത്തിന് നൂറോളം പേർ രംഗത്തിറങ്ങി. പക്ഷേ അപ്പോഴേക്കും 145 തിമിംഗലങ്ങളും ചത്തിരുന്നു. അവേശേഷിച്ച അഞ്ചുതിമിംഗലത്തെ പ്രദേശവാസികൾ വളരെ പണിപ്പെട്ടാണ് കടലിലേക്ക് തള്ളിവിട്ടത്.

ഒരു തലവന് കീഴിൽ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര. നേതൃത്വം നൽകുന്ന തിമിംഗലത്തിന് വഴിതെറ്റിയതാകം ഇത്രയും തിമിംഗലങ്ങൾ ഒരുമിച്ച് കരയിലേക്കെത്തിയതാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ജീവനുള്ള തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിട്ടെങ്കിലും ഇത് വീണ്ടും കരയിലേക്ക് തന്നെ തിരിച്ചെത്താനുള്ള സാധ്യതയും കൂടുതലാണ്. ഇത് നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ അധികൃതർ തയാറാക്കി. 

 തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞതിന് പിന്നാലെ സ്രാവുകളും കരയിലേക്കെത്താനുള്ള സാധ്യതയും കൂടുകയാണ്. അതുകൊണ്ട് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് മുൻപ് 2009ൽ എണ്‍പതോളം തിമിംഗലങ്ങളും ഡോൾഫിനുകളും ഇതേ തീരത്ത് കരയ്ക്കടിഞ്ഞതും വാർത്തയായിരുന്നു. പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 1996ലാണ് എറ്റവും കൂടുതൽ തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞത്. അന്ന് വഴിതെറ്റി 320 തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്.