നഗരസഭ അധ്യക്ഷയാണ്; മീന്‍ കച്ചവടക്കാരിയും; അഭിമാനം പ്രീത

നഗരസഭ അധ്യക്ഷസ്ഥാനം ഏറ്റതിനുശേഷവും മത്സ്യവിൽപ്പന അഭിമാന തൊഴിലായി കൊണ്ടു പോകുന്ന ഒരു വനിതയുണ്ട് വൈക്കത്ത്. വൈക്കം നഗരസഭ അധ്യക്ഷയായ പ്രീത രാജേഷാണ് തൊഴിലാളി ദിനത്തിൽ നാടിന്  അഭിമാനമാകുന്നത്. 22 വർഷമായി ഭർത്താവ് രാജേഷിനൊപ്പമാണ് പ്രീത വൈക്കം മത്സ്യമാർക്കറ്റിൽ മത്സ്യവിൽപ്പന നടത്തുന്നത്.

മത്സ്യ വില്പനക്കാരി എന്ന അഭിമാനത്തോടെയാണ് വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ ഇങ്ങനെ ദിവസവും മൽസ്യ വിൽപ്പനക്കെത്തുന്നത്..  ഇരുപത്തി ഒന്നാം വാർഡിലെ യു ഡി എഫ് കൗൺസിലർ ആയ പ്രീത നാലുമാസം മുൻപാണ് വൈക്കം നഗരസഭയിലെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭാ ചെയർപേഴ്സൺ സ്ഥാനം ഏറ്റെടുക്കാൻ എത്തിയ ദിവസവും പ്രീത രാവിലത്തെ മത്സ്യ വില്പന മുടക്കിയിരുന്നില്ല 

പുലർച്ചെ 4 മുതലുള്ള തയ്യാറെടുപ്പിലാണ് രാവിലെ 8 മണി വരെയുള്ള പ്രീതയുടെ മത്സ്യകച്ചവടം. ഭർത്താവ് രാജേഷിനൊപ്പം മാർക്കറ്റിൽ മുടങ്ങാതെ  മത്സ്യവിൽപ്പനക്കെത്തും. അദ്ധ്യക്ഷയായ ശേഷം മറ്റ് തിരക്കുകളില്ലെങ്കിൽ മാത്രമാണ് ഉച്ചക്കുള്ള കച്ചവടത്തിന് എത്താറുള്ളത്. പൊതുപ്രവർത്തനം സേവനമാണെന്നും തൊഴിലാണ് ജീവിതമാർഗ്ഗമെന്നുമുള്ള സന്ദേശമാണ് തൊഴിലാളി ദിനത്തിൽ പങ്കുവെക്കാനുള്ള സന്ദേശം.. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി തുറവൂർ റീജനിയൽ കാമ്പസിൽ നിന്ന് മലയാളത്തിൽ എം എ പഠനം പൂർത്തിയാക്കിയിട്ടുണ്ട്  പ്രീത.  നഗരസഭയുടെ സാരഥിയായിട്ടും സ്വന്തം തൊഴിൽ കൈവിടാതെ തൊഴിലാളി ദിനത്തിലെ അഭിമാന കാഴ്ചകൂടിയാവുകയാണ് പ്രീത രാജേഷ്.