37 ലക്ഷം നിക്ഷേപിച്ചിട്ട് ലഭിച്ചത് 65,000 രൂപ മാത്രം; ഈരാറ്റുപേട്ടയിലും കരുവന്നൂര്‍ മോഡല്‍

കോട്ടയം ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്കില്‍ കരുവന്നൂര്‍ മോഡലില്‍ ഭരണസമിതി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് പരാതി. കാലാവധി കഴിഞ്ഞിട്ടും ഇരുനൂറിലേറെ പേര്‍ക്ക് ലക്ഷങ്ങളുടെ നിക്ഷേപം തിരിച്ചു നല്‍കിയില്ല. ഇടത് ഭരണസമിതിക്കെതിരെ പൊലീസും കേസെടുക്കാന്‍ മടിച്ചതോടെ ഇഡിയെ സമീപിച്ചിരിക്കുകയാണ് നിക്ഷേപകര്‍. 

മകന്‍റെ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഈരാറ്റുപേട്ട സഹകരണ ബാങ്കില്‍ പ്രവിത്താനം സ്വദേശി ലോസന്‍ ജോസഫും ഭാര്യ മിനിമോളും 2018ല്‍ 37 ലക്ഷം രൂപ നിക്ഷേപിച്ചത്. കൊല്ലംപറമ്പില്‍ സണ്ണി സേവ്യറും ഭാര്യയുടെയും 32 ലക്ഷം നിക്ഷേപിച്ചത് 2021 ഏപ്രിലില്‍. കാലാവധി കഴിഞ്ഞതോടെ 2023ല്‍ ഇരുവരും പണം പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയ ബാങ്ക് ഭരണസമിതി ഇതുവരെ ആകെ നല്‍കിയത് 65000 രൂപ മാത്രം. മിച്ചമുള്ള പണം തിരികെ കിട്ടാന്‍ പലതവണ ബാങ്കില്‍ കയറിയിറങ്ങി. ഈരാറ്റുപേട്ട പൊലീസിലും ഡിവൈഎസ്പിക്കും എസ്പിക്കുമടക്കം പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ ഇടാന്‍ പോലും തയാറായില്ല. നവകേരള സദസ് വഴി മുഖ്യമന്ത്രിക്ക് മുന്നിലും പരാതി എത്തിയെങ്കിലും നിക്ഷേപകര്‍ക്ക് ചില്ലികാശ് നല്‍കിയില്ല.

മകളുടെ വിവാഹം, ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പണംകണ്ടെത്താനാകാതെ നിക്ഷേപകര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. നിക്ഷേപകര്‍ പരാതിയുമായി എത്തിയെങ്കിലും പൊലീസ് കേസെടുക്കാതെ ഇഡിക്ക് തട്ടിപ്പില്‍ അന്വേഷണം ആരംഭിക്കാനാകില്ല. പൊലീസിന്‍റെ ഒളിച്ചുകളിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ നീക്കം. 

Karuvannur model fraud complaint in the Erratupetta Service Cooperative bank