മരിച്ചെന്ന വാര്‍ത്തയില്‍ കൂട്ടുകാര്‍ നട്ടമരം; നോവുന്ന ഓര്‍മയായി കരടിപ്പാറ അപകടം

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പേരിലുള്ള സ്മാരകത്തിൽ വന്നിരിക്കുന്നത് വലിയ അനുഭവമായിരിക്കും ആർക്കാണെങ്കിലും.. സുഹൃത്തുക്കൾ തനിക്കായി സ്ഥാപിച്ച സ്മാരകത്തിൽ ഇടയ്ക്കിടെ വന്നുപോകുന്ന ഒരു വയോധികനുണ്ട് വൈക്കം വടയാറിൽ.. മരണപ്പെട്ടെന്ന റേഡിയോ വാർത്ത പരന്നതോടെ ഓർമയ്ക്കായി സുഹൃത്തുക്കൾ നട്ട മരച്ചുവട്ടിലാണ് തലയോലപ്പറമ്പ് സ്വദേശി ദാമോദരൻ ഇടയ്ക്കിടെ വന്നു പോകുന്നത്.

36 പേരുടെ മരണത്തിനിടയാക്കിയ കരടിപ്പാറ ബസ് അപകടത്തിലെ കെഎസ്ആർടിസി ഡ്രൈവർ ദാമോദരന് സുഹൃത്തുക്കൾ ഒരുക്കിയ സ്മാരകമാണ് ഇത്. വൈക്കം വടയാറുകാർക്ക് ഇത് കരടിപ്പാറ ദാമോദര മരമാണ്. 1974 ൽ 36 പേർ മരിക്കുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്ത  അപകടത്തിൽ ബസിന്‍റെ  സ്റ്റിയറിംഗിൽ കുടുങ്ങിക്കിടന്ന് രക്ഷപ്പെട്ടങ്കിലും ദാമോദരൻ മരിച്ചെന്നായിരുന്നു ആദ്യ  റേഡിയൊ വാർത്ത പുറത്ത് വന്നത്. വാർത്തകൾ ഉടനെ അറിയാനുള്ള മാർഗ്ഗമില്ലാത്ത കാലത്ത് മൂന്ന് സുഹൃത്തുക്കൾ ചേർന്ന് മരം നട്ടു. 

ഈ മരത്തിന് താഴെ ഇങ്ങനെയിരിക്കുമ്പോൾ അപകടത്തിൽ മരണപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകൾ വേദനയാണ്. ഒപ്പം അന്ന് സ്നേഹത്തോടെ മരം നട്ട  മൂന്നു സുഹൃത്തുക്കളും ഇന്ന് ഇല്ലെന്നതും. അപകടത്തെ തുടർന്ന് ദാമോദരൻ കെഎസ്ആര്‍ടിസി ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ഡ്രൈവിംഗ് പരിശീലനവുമായി ഈ വഴി പോകുമ്പോഴൊക്കെയും അഞ്ചു പതിറ്റാണ്ട് മുൻപുള്ള ഓർമ്മകൾ ഉള്ളിൽ അലയടിക്കും.