എവറസ്റ്റിനേക്കാള്‍ ഉയരം; ചൊവ്വയില്‍ വമ്പന്‍ അഗ്നിപര്‍വതം കണ്ടെത്തി

ചൊവ്വയില്‍ എവറസ്റ്റിനേക്കാള്‍ വലിപ്പമുള്ള അഗ്നിപര്‍വതം കണ്ടെത്തി. 29,600 അടി ഉയരമുള്ള സജീവ അഗ്നിപര്‍വതമാണ് ഇത്. എവറസ്റ്റിനേക്കാള്‍ ഉയരമുണ്ടെങ്കിലും ചൊവ്വയിലെ ഏറ്റവും വലിയ അഗ്നിപര്‍വതങ്ങളില്‍ ഏഴാമതാണ് ഇത്. 9,022 മീറ്റര്‍ ഉയരമുള്ള ഈ പര്‍വതം ചൊവ്വയിലെ താര്‍സിസ് എന്ന ഘടനയിലാണ് സ്ഥിതി ചെയ്യുന്നത്. 450 കിമീ ആണ് വീതി. നോക്ടിസ് അഗ്നിപര്‍വതം എന്നാണ് ഇതിനിപ്പോള്‍ താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്നത്. 

55ാമത് ലൂണാര്‍ പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് നോക്ടിസിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. 1971 മുതല്‍ ചൊവ്വയെ ഭ്രമണം ചെയ്യുന്ന പല ഉപഗ്രഹങ്ങളും ഇത് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതൊരു അഗ്നിപര്‍വതമാണെന്ന് ശാസ്ത്രലോകം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. നോക്ടിസില്‍ ഹിമപാളികളുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ടെന്നും ഭാവിയില്‍ ചൊവ്വയിലെ ജീവന്റെ തുടിപ്പ് തേടിയുള്ള ആസ്ട്രോബയോളജിക്കല്‍ പര്യവേഷണങ്ങളുടെ പ്രധാന ഇടം നോക്ടിസ് ആയേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

നോക്ടിസിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ക്കും ഇനി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എത്ര നാള്‍ ഈ അഗ്നിപര്‍വതം സജീവമായിരുന്നു? ഇപ്പോള്‍ സജീവമാണോ എന്നെല്ലാമാണ് പ്രധാന ചോദ്യങ്ങള്‍. നീണ്ട നാള്‍ ഈ അഗ്നിപര്‍വതം സജീവമായിരുന്നു എങ്കില്‍ അഗ്നിപര്‍വതത്തിന് അടിയിലെ ഹിമപാളിയില്‍ നിന്നുള്ള ഊഷ്മാവും ജലവും ചൊവ്വയില്‍ ജീവന്റെ തുടിപ്പിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കൂകൂട്ടല്‍. 

താര്‍സിസ് മേഖലയില്‍ തന്നെയാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായി കണക്കാക്കപ്പെടുന്ന ഒളിംപസ് മോണ്‍സ് സ്ഥിതി ചെയ്യുന്നത്. നിര്‍ജീവ അഗ്നിപര്‍വതമാണ് ഇത്. ഛിന്നഗ്രഹമായ വെസ്റ്റയില്‍ സ്ഥിതി ചെയ്യുന്ന റിയാസില്‍വിയയാണ് മറ്റൊരു പ്രധാനപ്പെട്ട അഗ്നിപര്‍വതം. എവറസ്റ്റിന്റെ മൂന്ന് മടങ്ങ് വരം റിയാസില്‍വിയയുടെ ഉയരം എന്നാണ് കണക്കാക്കുന്നത്.