ഭൂകമ്പത്തിനുശേഷം അഗ്നിപർവതസ്ഫോടനം; ഐസ്‌ലൻഡിൽ ആളുകളെ ഒഴിപ്പിച്ചു

ഐസ്‌ലൻഡിൽ ഭൂകമ്പത്തിനു പിന്നാലെ  അഗ്നിപർവതങ്ങൾ അപകടകരമായ അവസ്ഥയിൽ. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗ്രിൻഡാവിക് പട്ടണത്തിൽ നിന്ന് 1.8 മൈൽ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നഗരത്തിലെ റോഡിലും ഭൂമിയിലും വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു. ഐസ്‌ലൻഡിലെ റെയ്‌ക്‌ജാൻസ് ഉപദ്വീപിൽ പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതം കുറയാൻ തുടങ്ങിയെന്ന് ശാസ്ത്രജ്ഞർ പറയുമ്പോഴും അപകടസാധ്യത അവസാനിച്ചെന്ന് പറയാനാകില്ല. ഇതുവരെ 4000ൽ അധികം ആളുകളെ ഒഴിപ്പിച്ചുകഴിഞ്ഞു.

അഗ്നിപർവതം സജീവമായതിനു പിന്നാലെ നാല് കിലോമീറ്റർ ദൂരത്തിൽ ഭൂമി പിളർന്നതായി കോസ്റ്റ്‌ഗാർഡിന്റെ ഹെലികോപ്റ്റർ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിസ്ഫോടനം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ലെന്ന് ഐസ്‌ലൻഡ് കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. കിഴക്കൻ സ്ലിൻഞ്ചർഫെല്ലിൽ ശക്തമായ അഗ്നിപർവത സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.ഭൂമിയിൽ ഉണ്ടായ വിള്ളലുകളിൽ കാണപ്പെടുന്ന ലാവകളിൽ നിന്നും പുക ഉയരുന്നതുമായി ബന്ധപ്പെട്ട വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രിൻഡവിക് നഗരത്തിലെ വീടുകളിൽ വിള്ളലുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. സമീപ പ്രദേശമായ ഹഗഫെല്ലിൽ ലാവ പറന്നൊഴുകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ മാസം മുതൽ തന്നെ ഗ്രിൻഡാവികിലുള്ള ആളുകൾക്ക് മാറിത്താമസിക്കാൻ നിർദേശമുണ്ടായിരുന്നു. 33 സജീവ അഗ്നിപർവതങ്ങളാണ് ഐസ്‌ലാൻഡിൽ ഉള്ളത്. യൂറോപ്പിലെ ഏറ്റവും കൂടിയ കണക്കാണിത്.