റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യാം; ഓണ്‍ലൈനായും ഓഫ്ൈലനായും; എങ്ങനെയെന്നറിയാം

പൗരന്മാരെന്ന നിലയില്‍ നമ്മുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ അല്ലെങ്കില്‍ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് ആവശ്യമാണ്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന്  കേന്ദ്ര സർക്കാർ നേരത്തെ നിര്‍ദേശിച്ചിരുന്നു. മാർച്ച് 31 വരെ ആയിരുന്നു ആദ്യം നിശ്ചയിച്ച സമയപരിധി. എന്നാല്‍ ഈ സമയപരിധി വീണ്ടും നീട്ടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഈമാസം 30 വരെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സമയുണ്ട്. റേഷൻ കാർഡുകളിൽ സുതാര്യത ഉറപ്പാക്കുക, അര്‍ഹരായ ആളുകളിലേക്ക്  ആനുകൂല്യങ്ങൾ എത്തിക്കുക, ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറയുന്നത്. റേഷന്‍ കാര്‍ഡിലെ പേരുള്ള ആര്‍ക്കും ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.

ഓണ്‍ലൈനായും ഓഫ്ൈലനായും ഇതിന് സൗകര്യമുണ്ട്. എളുപ്പം ഓണ്‍ലൈനായി ചെയ്യുന്നതാണ്. അതിന്റെ പ്രോസസ് എങ്ങനെയാണ് എന്നുനോക്കാം.

1) കേരളത്തിന്‍റെ പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും സ്വന്തം പോർട്ടൽ ഉണ്ടായിരിക്കും.

2) ശേഷം, ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

3) തുറന്നു വരുന്ന പേജില്‍  റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പര്‍ എന്നിവ നൽകുക.

4) അതിന് ശേഷം "തുടരുക/സമർപ്പിക്കുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

5) ഉടനെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.

6) ആ ഒടിപിയും നല്‍കുക

7) റേഷന്‍ കാര്‍ഡ് ആധാറില്‍ ലിങ്ക് ചെയ്ത് കഴിഞ്ഞാൽ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് സന്ദേശം ലഭിക്കും.

ഇനി ഓണ്‍ലൈന്‍ അല്ലാതെ എങ്ങനെ ആധാര്‍ – റേഷന്‍ കാര്‍ഡ് ലിങ്ക് ചെയ്യാമെന്ന് നോക്കാം.

ആവശ്യമായ രേഖകളുമായി അടുത്തുള്ള പൊതുവിതരണ കേന്ദ്രത്തിലോ റേഷൻ കടയിലോ ചെല്ലുക

രേഖകള്‍ ഇവയാണ്.  റേഷൻ കാർഡിലുള്ള എല്ലാ അംഗങ്ങളുടെയും  ആധാർ കാർഡിന്റെ ഫോട്ടോകോപ്പി

കാര്‍ഡില്‍ പേരുള്ളവരുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും കരുതണം.

ഈ രേഖകള്‍ റേഷന്‍ കടയില്‍ കൊടുക്കുക.

ആധാർ കാർഡ് നിങ്ങളുടേതാണെന്ന്  പരിശോധിച്ചുറപ്പിക്കാൻ, പിഡിഎസ്/റേഷൻ കടയിലുള്ള ഉത്തരവാദപ്പെട്ടവര്‍ വിരലടയാളം പ്രൂവ് ചെയ്യാനുള്ള നടപടി കൂടി എടുക്കും.

ഈമാസം മുഴുവന്‍ സമയമുണ്ടെങ്കിലും അവസാന ദിവസം വരെ കാത്തിരിക്കേണ്ട.

How to link Ration card and Aadhar card