അതിര്‍ത്തി കടന്ന നന്മ; ഇന്ത്യയ്ക്ക് ‘ഹൃദയം’ തുറന്ന നന്ദിയുമായി പാക്കിസ്ഥാന്‍കാരി

അയേഷയും അമ്മയും.

ജീവന്‍ തിരിച്ചുനല്‍കിയ ഇന്ത്യയുടെ ‘ഹൃദയ’വിശാലതയ്ക്ക് നന്ദിയറിയിച്ച് പാക്കിസ്ഥാന്‍കാരിയായ കൗമാരക്കാരി. വര്‍ഷങ്ങളായി ഹൃദയസംബന്ധമായ രോഗംമൂലം അവശത അനുഭവിച്ചിരുന്ന അയേഷ റാഷന്‍ എന്ന പത്തൊന്‍പത് വയസ്സുകാരിയാണ് ഇന്ത്യയ്ക്ക് നന്ദിയറിയിച്ചിരിക്കുന്നത്. 2014 മുതല്‍ രാജ്യത്ത് ചികിത്സയിലായിരുന്നു അയേഷ.

2014ല്‍ ഇന്ത്യയില്‍ വച്ച് അയേഷയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഹൃദയത്തില്‍ ഘടിപ്പിച്ച മെഷീന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യമുണ്ടായി. ഹാര്‍ട്ട് പമ്പിന് ചോര്‍ച്ച കണ്ടെത്തി.  ഹൃദയത്തിന്‍റെ പ്രവര്‍ത്തനെ ഇത് ഗുരുതരമായി ബാധിച്ചു. വീണ്ടും ചികിത്സ തുടങ്ങി. ഹൃദയം മാറ്റിവയ്ക്കുക മാത്രമായിരുന്നു അയേഷയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകവഴിയായി ഡോക്ടര്‍മാര്‍ പറഞ്ഞത്. 

ചെന്നൈയിലായിരുന്നു അയേഷയുടെ ചികിത്സ. ഹൃദയം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ പണമായിരുന്നു കുടുംബത്തിനു മുന്നിലുള്ള വില്ലന്‍. 35 ലക്ഷം രൂപയോളം വേണമായിരുന്നു. അനുയോജ്യമായ ഹൃദയം ലഭിക്കേണ്ടതുമുണ്ടായിരുന്നു. ചികിത്സ നടത്തിയ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രി ഇവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. ഒരു ട്രസ്റ്റുമായി ഇവരെ ബന്ധിപ്പിച്ചു. പിന്നാലെ ഡല്‍ഹിയില്‍ നിന്ന് അയേഷയ്ക്ക് അനുയോജ്യമായ ഹൃദയവും ലഭിച്ചു.

സര്‍ജറി സൗജന്യമായാണ് ആശുപത്രി അധികൃതര്‍ ചെയ്തത്. തുടര്‍ ചികിത്സയ്ക്കായി 18 മാസത്തോളം രാജ്യത്ത് താമസിക്കാനുള്ള സൗകര്യവും ഒരുക്കിനല്‍കി. ഡോക്ടര്‍മാരോടും ഇന്ത്യന്‍ സര്‍ക്കാരിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അയേഷയും കുടുംബവും പ്രതികരിച്ചു. 

‘പത്ത് ശതമാനത്തോളം മാത്രമായിരുന്നു മകളുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത. തുറന്നുപറഞ്ഞാല്‍ ഇന്ത്യയെ അപേക്ഷിച്ച് പാക്കിസ്ഥാനില്‍ ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളും വളരെയധികം കുറവാണ്. അയേഷയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയില്ല, ഹൃദയം മാറ്റിവയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് പാക്കിസ്ഥാനിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇന്ത്യയിലേക്ക് വന്നത് അനുഗ്രഹമായി. ഏറ്റവും സൗഹൃദപരമായ അന്തരീക്ഷമാണ് രാജ്യത്തുള്ളത്. എല്ലാവരോടും നന്ദി മാത്രം’– അയേഷയുടെ അമ്മ സനോബര്‍ പറഞ്ഞു.

പുതിയ ഹൃദയവുമായി കൂടുതല്‍ സ്വപ്നങ്ങള്‍ കാണുകയാണ് അയേഷയിപ്പോള്‍. ഭാവിയില്‍ ഒരു ഫാഷന്‍ ഡിസൈനറാകണം എന്നാണ് ഈ കൗമാരക്കാരിയുടെ ആഗ്രഹം. 

Indian heart saved a Pakistani teen's life; Family express gratitude.