ഫ്ലിപ്കാർട്ടിലൂടെ ലാപ്ടോപ് ഓർഡർ ചെയ്തു; കിട്ടിയത് പാറ കഷ്ണം..!

ഫ്ലിപ്കാർട്ടിലൂടെ ഗെയിമിങ് ലാപ്ടോപ്പ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പാറ കഷ്ണം. ദീപാവലി ഓഫർ പ്രകാരമാണ് യുവാവ് ലാപ്ടോപ് ഓർഡർ ചെയ്തത്. ചിന്മയ രമണ എന്ന മംഗളുരു സ്വദേശിയായ യുവാവാണ് കബളിക്കപ്പെട്ടത്. ഒരു വലിയ കല്ലും കുറച്ച് ഇ-വേസ്റ്റുമാണ് പറഞ്ഞ തീയതിയിൽ തന്നെ ഇയാൾക്ക് ലഭിച്ചത്. 

ഫ്ലിപ്കാർട്ടിൽനിന്ന് വഞ്ചിക്കപ്പെട്ടതിൽ വലിയ വിഷമമുണ്ടെന്ന് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.  തനിക്ക് ലഭിച്ച കല്ലിന്റെയും പാഴ്‌വസ്തുക്കളുടെയും ചിത്രങ്ങളും കിട്ടിയ പാക്കറ്റ് തുറക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ദീപാവലി സീസണിലുടനീളം ഉപഭോക്താക്കൾക്ക് തെറ്റായ പാക്കേജുകൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികൾ ഫ്ലിപ്പ്കാർട്ടിനെക്കുറിച്ച് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഡെലിവറിയിൽ കൂടുതൽ കൃത്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഫ്ലിപ്കാർട്ട് ഏർപ്പെടുത്തിയിരുന്നു. പാക്കേജ് ലഭിക്കുമ്പോൾ, ശരിയായ ഇനങ്ങൾ ഡെലിവർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഡെലിവറി ബോയിയുടെ മുന്നിൽവെച്ച് ഉപഭോക്താവിന് അവസരം ലഭിച്ചിരുന്നു.