അസിസ്റ്റന്റായി സെറ്റിൽ; രണ്ട് തിരക്കഥ റെഡി; വൈകാതെ സ്വന്തം സിനിമ; അഭിമുഖം

‘കാക്കിക്കുള്ളിലും കലാഹൃദയം’, സർഗാത്മകതയുള്ള പൊലീസുകാരെ പൊതുജനം ട്രോളുന്ന പ്രയോഗമാണിത്. എന്നാൽ ഇതു കളിയല്ലെന്ന് തെളിയിക്കുകയാണ് ഋഷിരാജ് സിങ്. മുമ്പേ കലാവാസന അറിയിച്ചിട്ടുണ്ട് പൊലീസിലെ ഈ 'സിങ്കം' . വിരമിച്ച് യൂണിഫോം അഴിച്ചശേഷം  അദ്ദേഹം മുഴുനീള കലാ പ്രവർത്തകനായിരിക്കുന്നു.  എന്നും സിനിമയെ സ്നേഹിക്കുകയും ഒപ്പം കൂട്ടുകയും ചെയ്ത മുൻ ഡിജിപി ഇപ്പോൾ സംവിധാനം പഠിക്കുന്ന തിരക്കിലാണ്. അതും മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം..കൊച്ചിയിൽ 15മുതൽ ആരംഭിച്ച ചിത്രത്തിന്റെ സെറ്റിൽ എന്നുമെത്തുന്നുണ്ട് ഈ സിനിമാകുതുകി. ചുമ്മാതെ വന്ന് കാഴ്ചകൾ കാണാനല്ല, കൃത്യമായി എന്താണ് സിനിമ എന്ന് അനുഭവിച്ചറിയുകയാണ് അദ്ദേഹം. തന്റെ സിനിമാമോഹങ്ങൾ മനോരമന്യൂസ് ഡോട്ട്കോമുമായി പങ്കുവച്ചു.

സിനിമാമേഖലയിൽ ഏതു രംഗത്താണ് കൂടുതൽ സജീവമാകാൻ ആഗ്രഹിക്കുന്നത്?

ഏറ്റവും ഇഷ്ടം സംവിധാനമാണ്, ഒപ്പം തിരക്കഥയും..തിരക്കഥ ചെയ്യാനറിഞ്ഞാൽ മാത്രമേ ഒരു നല്ല സംവിധായകനാവാൻ പറ്റുകയുള്ളൂ...2 തിരക്കഥകൾ എഴുതിക്കഴിഞ്ഞു. സാഹചര്യം വരുമ്പോൾ അത് ഡെവലപ്പ് ചെയ്യും... തിരക്കഥയെഴുത്ത് 5 വർഷമായി പഠിക്കുന്നുണ്ട്. നിരവധി പുസ്തകങ്ങൾ വായിച്ചും മറ്റും. കാനഡയിൽ അനിമേഷൻ രംഗത്ത് പ്രവർത്തിക്കുന്ന മകനുമായി നിരന്തരം സംസാരിക്കാറുണ്ട്. പല സംശയങ്ങളും തീർത്ത് തരാറുണ്ട്.

മലയാളത്തോടും മലയാള സിനിമയോടുമുള്ള ഇഷ്ടം?

കേരളത്തിൽ വന്ന നാൾ മുതൽ സത്യൻ അന്തിക്കാട് ചിത്രങ്ങൾ കാണാറുണ്ട്. വളരെ ഇഷ്ടപ്പെട്ട സിനിമകളും കഥാപാത്രങ്ങളുമാണ് അദ്ദേഹത്തിന്റേത്. 

ഇപ്പോൾ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിലെത്തിച്ചേർന്നതെങ്ങനെ?

വിരമിച്ച ശേഷം രണ്ടു മാസം നോക്കി. കേരളത്തിൽ എവിടെയും ഷൂട്ടിംഗ് നടക്കുന്നില്ല. കുറെ സംവിധായകരുമായി സംസാരിച്ചു. കോവിഡ് കാരണം എല്ലാം അടച്ചിട്ട നിലയിലായിരുന്നല്ലോ..പിന്നെ ഹൈദരാബാദ് നോക്കി. അവിടെ റാമോജി റാവു സ്റ്റുഡിയോയിൽ മാത്രമായിരുന്നു ഷൂട്ടിംഗ് നടന്നത്. പക്ഷേ ലോജിസ്റ്റിക്സ് പ്രോബ്ലം. സ്റ്റുഡിയോയിൽ നിന്നും 100കിമീ മാറിയേ താമസസൗകര്യം ശരിയായുള്ളൂ, പിന്നെയത് വേണ്ടെെന്ന് വെച്ചു. ശേഷം ശ്രീനിവാസനെ വിളിച്ചു സംസാരിച്ചു. അദ്ദേഹം എന്റെ വെൽവിഷറാണ്. അദ്ദേഹം പറഞ്ഞു താങ്കളെ ഏതെങ്കിലും സംവിധായകന്റെ അടുത്ത് വിടാൻ പറ്റില്ലല്ലോ , അതിനുതകുന്ന ആളു തന്നെ വേണ്ടേ? 2 ആഴ്ച കഴിഞ്ഞ് അദ്ദേഹം വിളിച്ചു. അങ്ങനെ സത്യൻ അന്തിക്കാടിനടുത്തേക്ക് വിട്ടു. പൂജ ദിവസമാരംഭിച്ച ഷൂട്ടിംഗ് സെറ്റിൽ എന്നും പോകുന്നുണ്ട്. 

ഇത്രയും ദിവസത്തെ ഷൂട്ടിംഗ് അനുഭവം?

എല്ലാവരും പ്രൊഫഷണൽസ് ആണ്..ആർക്കും സമയം കളയാനില്ല, അത്ര മാത്രം ജോലികൾ,കൃത്യമായ പ്ലാനിങ്ങോടെ നടത്തുന്നത്. താൻ കാര്യങ്ങൾ കണ്ടു മനസിലാക്കും...ഓരോ ഷോട്ടും ഷോട്ടിന്റെ ഡപ്തും  നോക്കും..ലോംഗ് ആണോ ഷോർട്ട് ആണോ, ആംഗിൾ എന്താണ് അങ്ങനെ പലതും. എല്ലാവരും കൃത്യമായ ഹോംവർക്കോടെയാണ് സെറ്റിലെത്തുന്നത്. ഓരോ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി, ഉദാഹരണത്തിന് മഴ പെയ്താൽ എങ്ങനെ? പിന്നെ എന്റെ സംശയങ്ങളെല്ലാം തീർത്തുതരാൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനെയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഒരു സിനിമ ആദ്യം മുതൽ അവസാനം വരെ കാണുക,പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ വർക്കും കാണണം. 

ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ?

സന്ദേശമാണ് ഏറ്റവും ഇഷ്ടപ്പെട്ട മലയാള ചിത്രം. പിന്നെ നാടോടിക്കാറ്റ്, തലയണമന്ത്രം എല്ലാം ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്. 

ആദ്യം കണ്ട മലയാള സിനിമ?

ബോയിംഗ് ബോയിംഗ് ആണ് ആദ്യം തിയേറ്ററിൽ കണ്ട മലയാള ചിത്രം. അന്ന് ആറ്റിങ്ങൽ എഎസ്പി ആയ സമയം. പൊലിസ് അക്കാദമിയിലായിരുന്നു. മുൻ ഡിജിപി ആയിരുന്ന ജേക്കബ് തോമസിനൊപ്പമായിരുന്നു അന്ന് സിനിമ കണ്ടത്. ഭാഷ പരിഭാഷപ്പെടുത്തിയത് ജേക്കബായിരുന്നു..തമിഴ് സിനിമ കാണാൻ വേണ്ടി തമിഴ് ഭാഷ പഠിച്ചു.. ഭാഷ പഠിക്കാനുള്ള മാർഗവുമാണ് സിനിമ കാണൽ..സിനിയിലെപ്പോഴും സാധാരണക്കാരന്റെ ഭാഷയല്ലേ, സാഹിത്യമല്ലല്ലോ ,അത് ഔദ്യോഗിക തലത്തിലും ഏറെ ഗുണം ചെയ്തു. കേരളത്തിൽ വന്ന ശേഷം മലയാളം സിനിമ എന്റെ നിർബന്ധമായി മാറി.

ഈ സിനിമാമോഹം  വന്ന വഴി?

അമ്മയ്ക്ക് സിനിമ ഏറെ ഇഷ്ടമാണ്. ആഴ്ചയില്‍ 2,3 സിനിമയെങ്കിലും കാണും. അന്ന് അച്ഛൻ പലയിടങ്ങളിൽ തിരക്കിലാകും. അമ്മയ്ക്ക് കൂട്ടായി പോകുന്നത് ഞാനാണ്. പിന്നെ കോളേജ് കാലത്തെല്ലാം അത് സജീവമായി. ടിവിയിലൂടെ സിനിമ കാണാറില്ല. തിയേറ്റർ അനുഭവമാണ് ഇഷ്ടം. കല്യാണം കഴിഞ്ഞ നാളിൽ മറ്റു പണിയൊന്നുമില്ലാരുന്നു, പോസ്റ്റിങ്ങും ആയില്ല, അപ്പോൾ ഭാര്യയ്ക്കൊപ്പം സിനിമ കാണാൻ പോകും. അഞ്ചാറ് സിനിമകള്‍ കല്യാണം കഴിഞ്ഞ നാളിൽ കണ്ടിട്ടുണ്ട്. പിന്നെ വിദേശഭാഷാ ചിത്രങ്ങളും മറ്റും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലൂടെ കാണാറുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട നടൻ, നടി?

അങ്ങനെ ഒരാളല്ല, ഓരോ കഥാപാത്രത്തിലും വേഷത്തിലും ഓരോ ആളുകളാണ്. മലയാള സിനിമ ഏറെ ഇഷ്ടമാണ്.

ആദ്യ സിനിമ എന്നു പ്രതീക്ഷിക്കാം..

തീർച്ചയായും പ്രതീക്ഷിക്കാം.. ഈ സിനിമയുടെ വർക്കെല്ലാം കഴിയുമ്പോൾ കയ്യിലുള്ള തിരക്കഥയിൽ റീറൈറ്റ് നടത്തണം. ശേഷം സിനിമയുടെ വർക്കിലേക്കും.. ഏറെ പ്രതീക്ഷയോടെ തന്നെയാണ് വരും ദിനങ്ങളെ കാണുന്നത്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ പലരും സർക്കാരിൻ്റെ കനിവിൽ ഒരു പദവിക്ക് കാത്തിരിക്കാറുണ്ട്. അത് തെറ്റാണെന്ന് ഋഷിരാജ് സിങ്ങ് തുറന്നടിച്ചിട്ടുണ്ട്. വാക്കു മാറുന്നില്ല അദ്ദേഹം. കാലം തന്നെ ഒരു സ്വതന്ത്ര സംവിധായകനാക്കുമെന്ന പ്രത്യാശയിലാണ് ഋഷിരാജ്.