മൺമറഞ്ഞിട്ടും മായാത്ത വശ്യത; സിൽക് സ്മിത ഓർമയായിട്ട് 25 വർഷം

'ഇത് കണ്ണോ, അതോ കാന്തമോ..?' തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ അങ്ങനെ തോന്നിപ്പിച്ച ഒരേയൊരു കണ്ണുകളുടെ ഉടമ, സിൽക് സ്മിത ഓർമയായിട്ട് ഇന്ന് 25 വർഷം. 1996 സെപ്റ്റംബർ 23–നാണ് സ്മിതയെ ചെന്നൈയിലെ അപാർട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിജയലക്ഷ്മിയിൽ നിന്ന് സിൽക് സ്മിതയായി ചേക്കേറിയ നടി ഒരുകാലത്ത് യുവാക്കളുടെ സ്വപ്നനായികയായിരുന്നു. മരണശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത നടി കൂടിയാണ് സ്മിത.

ആന്ധ്രപ്രദേശിലെ എല്ലൂരിൽ 1960 ഡിസംബർ 2–നാണ് സ്മിതയുടെ ജനനം. യഥാർഥ പേര് വിജയലക്ഷ്മി വഡ്‍ലപതി. കുടുംബത്തിന്റെ ദയനീയ അവസ്ഥ കാരണം നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു. 1978–ൽ കന്നഡ ചിത്രമായ ബെഡിയിൽ ആദ്യമായി മുഖം കാണിച്ചു. വണ്ടിചക്രം എന്ന സിനിമയിലെ സിൽക് എന്ന് പേരുള്ള ബാർ ഡാൻസറായി എത്തിയത് തലവര മാറ്റി. പിന്നീട് സിൽക് എന്നത് അവരുടെ പേരായി മാറി. 450–ൽ അധികം സിനിമകളിൽ വേഷമിട്ടു. 1996–ൽ പുറത്തിറങ്ങിയ സുബാഷ് അവസാന ചിത്രം. 

ദിവസവും മൂന്ന് ഷിഫ്റ്റിലായി ജോലി ചെയ്തിരുന്ന സ്മിത ഒരു പാട്ടുസീൻ ചെയ്തിരുന്നതിന് വാങ്ങിയിരുന്നത് 50,000 രൂപയായിരുന്നു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായിരുന്നു ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, ചിരഞ്ജീവി തുടങ്ങിയവർ അവുടെ ചിത്രങ്ങളിൽ സ്മിതയുടെ ഒരു പാട്ടെങ്കിലും ഉൾപ്പെടുത്തണമെന്ന് നിർബന്ധം പിടിച്ചിരുന്നു. 3 സിനിമകളാണ് സ്മിത നിർമിച്ചത്. ആദ്യത്തെ 2 ചിത്രങ്ങള്‍ സമ്മാനിച്ചത് 2 കോടിയുടെ നഷ്ടം. മൂന്നാമത്തെ സിനിമ പുറത്തിറങ്ങിയില്ല. ഇതെല്ലാം സ്മിതയെ തളർത്തിയിരുന്നു. ചെന്നൈയിലെ അപാർട്മെന്റിൽ സ്മിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്മിതയുടെ മരണം യുവഹൃദയങ്ങളെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.