ഇത് രണ്ടാം തവണ; ഗൂഗിളേ, നിനക്ക് പിന്നേയും തെറ്റി; യുവാവിനെ തേടി വീണ്ടും അംഗീകാരം

മൂവാറ്റുപുഴ: ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ യുവാവിനെ തേടി വീണ്ടും ഗൂഗിളിന്റെ അംഗീകാരം. ഗൂഗിൾ സേവനങ്ങളിൽ വിവരങ്ങൾ തിരയുന്നതിനായി വാക്കുകൾ ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റ് ബോക്‌സിൽ ചില കോഡുകൾ പ്രവർത്തിപ്പിച്ച് ഉപയോക്താവിനെ മറ്റ് സൈറ്റുകളിലേക്ക് വഴി തിരിച്ചുവിടാൻ സാധിക്കുന്ന സബ്ഡൊമെയ്നിലെ പ്രശ്നങ്ങളാണ് കല്ലൂർക്കാട് പുത്തൻമനയ്ക്കൽ സാബുവിന്റെ മകൻ ഹരിശങ്കർ കണ്ടെത്തിയത്. ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് നൽകുന്ന അംഗീകാരമായ ഹാൾ ഓഫ് ഫെയിം ലിസ്റ്റിൽ രണ്ടാം തവണയും ഹരിശങ്കർ ഇടം പിടിച്ചു.

സമുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയ ശേഷം പരിശീലനത്തിനു പോകുന്നതിനു മുൻപ് ലഭിച്ച ഇടവേളയിലായിരുന്നു ഗൂഗിളിലെ സുരക്ഷാ വീഴ്ച ഹരിശങ്കർ കണ്ടെത്തിയത്. 2017ൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ ഗൂഗിൾ ഡേറ്റാബേസിൽ രഹസ്യമാക്കിവച്ച വ്യക്തിവിവരങ്ങൾ ചോർത്താൻ സാധിക്കുമെന്ന് ഹരിശങ്കർ കണ്ടെത്തിയിരുന്നു. അന്നും ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടിയിരുന്നു. കല്ലൂർക്കാട് ഹോട്ടൽ നടത്തുകയാണ് ഹരിശങ്കറിന്റെ പിതാവ് സാബു. കല്ലൂർക്കാട് പഞ്ചായത്ത് ഭരണസമിതി അംഗം സുമിത സാബുവാണ് അമ്മ.