ഒന്നരവർഷം മുമ്പ് മകന്റെ മരണം; ഇപ്പോൾ ആശിച്ച് കിട്ടിയ കൺമണിയും; നോവ്

ഇന്ന് കേരളം കേട്ടുണർന്നത് അതിദാരുണമായ ഒരു വാർത്ത കേട്ടാണ്. ജീവിതത്തിന്റെ വൈകിയെത്തിയ വേളയിൽ ഒരമ്മയ്ക്ക് ലഭിച്ച നിധിയെ ഒരൊറ്റ നിമിഷം കൊണ്ട് തിരികെ എടുത്ത വാർത്ത. 71–ാമത്തെ വയസ്സിൽ സുധർമയ്ക്ക് ജനിച്ച പെൺകുഞ്ഞ് 42 ദിവസം പ്രായം മാത്രം ആയപ്പോഴാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചതെന്നാണ് വിവരം. വാർത്ത ശരിവയ്ക്കുകയാണ് കായംകുളം രാമപുരത്തെ ആശാവർക്കർ രാജലക്ഷ്മി.

രാജലക്ഷ്മിയുടെ വാക്കുകൾ: മാർച്ച് 18–നാണ് എഴുകുളങ്ങര വീട്ടിൽ സുധർമ–സുരേന്ദ്രൻ ദമ്പതികൾക്ക് കുഞ്ഞുണ്ടാകുന്നത്. 71–ാമത്തെ വയസ്സിലാണ് ആർട്ടിഫിഷ്യൽ ഗർഭധാരണത്തിലൂടെ പെൺകുഞ്ഞിന് സുധർമ ജന്മം നൽകിയത്. 40 ദിവസത്തെ ആശുപത്രി നിരീക്ഷണത്തിന് ശേഷം ഏപ്രിൽ അവസാനത്തോടെയാണ് ഇവർ വീട്ടിലെത്തിയത്. ശ്രീലക്ഷ്മി പണിക്കർ എന്ന് കുഞ്ഞിന് പേരുമിട്ടു. എന്നാൽ ഈ സന്തോഷത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. ഏപ്രില്‍ 28–നാണ് കുഞ്ഞുമായി ഇവർ വീട്ടിലെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുഞ്ഞിന്റെ തൊണ്ടയിൽ പാല് കുടുങ്ങിയത്. ഡോക്ടറുടെ നിർദേശപ്രകാരം പൊടികലക്കിയ പാൽ കുഞ്ഞിന് കോരി നൽകുകയായിരുന്നു. ഇതിനിടയിലാണ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞിന് ശ്വാസം കഴിക്കാനാകാതായത്. ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തനിക്ക് ഏറെ അടുപ്പമുള്ള കുടുംബമാണ് ഇവരുടേത്. ഒന്നര വർഷം മുമ്പാണ് ഇവരുടെ മകൻ സുജിത് സൗദിയിൽ വെച്ച് മരിക്കുന്നത്. ഒന്നരമാസത്തിന് ശേഷമാണ് മൃതദേഹം പോലും നാട്ടിലെത്തിച്ചത്. ഒരുപാട് വേദന അനുഭവിച്ച ശേഷമാണ് അവരുടെ ജീവിതത്തിലേക്ക് ഒരു സന്തോഷം വന്നു ചേർന്നത്. കു‍ഞ്ഞിനെ നാട്ടിൽ എത്തിച്ചതുമുതൽ എല്ലാ കാര്യങ്ങളും തിരക്കിയിരുന്നു. ഇപ്പോൾ ഈ വാർത്ത കേട്ട ഞെട്ടലിലാണ്. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല സുധർമയും ഭർത്താവ് സുരേന്ദ്രനും ഇപ്പോൾ– രാജലക്ഷ്മി പറയുന്നു.