ധാന്യപാക്കറ്റിനുള്ളില്‍ മയക്കുമരുന്ന്; കുഞ്ഞ് കഴിച്ചത് ഇതില്‍ നിന്ന്: അമ്മ

ചിത്രം; എസ്ഡബ്ല്യുഎന്‍എസ്

ധാന്യപാക്കറ്റിനുള്ളില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹായിസം നസിര്‍ എന്ന 25കാരിയാണ് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. യുകെയിലാണ് സംഭവം. തന്‍റെ കുഞ്ഞിനു നല്‍കുന്ന ധാന്യപാക്കറ്റില്‍ കനംതോന്നിക്കുംവിധം എന്തോ ഒന്ന് ഉള്ളതായി യുവതിയ്ക്ക് തോന്നി. തുടര്‍ന്ന് പാക്കറ്റിനുള്ളിലുള്ളതെല്ലാം കുടഞ്ഞപ്പോള്‍ വലിയൊരു പൊതി കിട്ടുകയായിരുന്നു. പൊതി തുറന്നു നോക്കിയപ്പോള്‍ നിറയെ ക്രിസ്റ്റലുകള്‍. എന്താണിതെന്ന് മനസിലാകാതെ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. 

പിന്നാലെയാണ് ഒരുതരം മയക്കുമരുന്നാണതെന്ന് പൊലീസ് കണ്ടെത്തിയത്. ഈ പാക്കറ്റിനുള്ളില്‍ നിന്നാണ് കഴിഞ്ഞ നാല് ദിവസമായി കുഞ്ഞ് സിറിയല്‍ കഴിച്ചത്. ഇതിനുള്ളില്‍ ലഹരിയുള്ളതായി പൊലീസ് പറഞ്ഞതിനു പിന്നാലെ യുവതി കുഞ്ഞിനെ ആശുപത്രിയിലേക്കുകൊണ്ടുപോയി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തി. 'ഞാന്‍ ശരിക്കും ഞെട്ടി. 450ഗ്രാമോളം ആ പൊതിക്കുള്ളിലുണ്ടായിരുന്നു. ഇതു കഴിച്ചാല്‍ മരണം ഉറപ്പായിരിക്കില്ലേ എന്നുവരെ ചിന്തിച്ചു'- അമ്മ പറഞ്ഞു.