മോഡലായ അമ്മ ഫോട്ടോഷൂട്ടിൽ മുഴുകി; 3 വയസ്സുകാരൻ കുളത്തിൽ മുങ്ങിമരിച്ചു; ദാരുണം

അച്ഛനും അമ്മയും ഫോട്ടോഷൂട്ടിന്റെ തിരക്കിലായ സമയത്ത് നീന്തല്‍ക്കുളത്തിൽ വീണ് കുഞ്ഞ് മരിച്ചു. തായ്‍ലന്റിലെ പട്ടായയിലാണ് സംഭവം. 26–കാരിയായ മോഡൽ വിയാഡ പൊന്റാവിയും ഫോട്ടോഗ്രാഫറായ ഭർത്താവും പ്രണയദിനത്തിൽ ഫോട്ടോഷൂട്ട് നടത്തുമ്പോഴാണ് ദാരുണ സംഭവം. നിരവധി മോഡലുകൾ പങ്കെടുക്കുന്ന പാർട്ടിയും ഫോട്ടോഷൂട്ടുമാണ് നടന്നതെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. 

വിയാഡ അഡൾട്ട് പ്ലാറ്റ്ഫോമുകളിലെ മോഡലാണ്. പാർട്ടിയിൽ വന്ന അതിഥികൾ ഭക്ഷണം കഴിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ സംഭവം നടക്കുന്നതിന് മുമ്പ് വിയാഡയുടെ മൂന്ന് വയസ് മാത്രം പ്രായമുള്ള മൂത്ത മകൻ ചവനകോണും  അതിലും ചെറിയ രണ്ടാമത്തെ കുട്ടിയും നീന്തൽക്കുളത്തിന് ചുറ്റും കളിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കളിക്കിടയിൽ ചവനകോൺ വെള്ളത്തിൽ വീഴുകയായിരുന്നു. 3–ാം പിറന്നാളിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കുട്ടി മുങ്ങി മരിച്ചത്. 

ഈ സമയത്ത് പാർട്ടി നടക്കുന്ന വീടിന്റെ ബാൽക്കണിയിൽ വിയാഡ ചിത്രങ്ങൾക്ക് പോസ് ചെയ്യുകയായിരുന്നു. കുട്ടി കരയുന്നത് കേട്ട് അച്ഛൻ ഓടിയെത്തി. ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്തു. പാരമെഡിക്സ് പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവരെത്തി സിപിആർ നൽകിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തന്റെ ഹൃദയം തകർന്നെന്നും ഇനി ജീവിക്കേണ്ട എന്നും എന്റെ മകനെ തിരികെ തരാൻ പ്രാർഥിക്കുകയാണെന്നുമാണ് വിയാഡ പ്രതികരിച്ചത്. സംഭവം നടക്കുന്ന സമയത്ത് താൻ ജോലി ചെയ്യുകയായിരുന്നു എന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നതെന്നും ദി സൺ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നിലവിൽ പൊലീസ് അന്വേഷണം ഒന്നും തന്നെ ആരംഭിച്ചില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.