വിമാനത്തില്‍ പ്രസവം; കുഞ്ഞിനെ ശുചിമുറിയിലെ ചവറ്റുകൊട്ടയിലെറിഞ്ഞു; അമ്മയുടെ ക്രൂരത

വിമാനത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശുചിമുറിയിലെ  ചവറ്റുകൊട്ടയില്‍ രക്തത്തില്‍കുതിര്‍ന്ന് പേപ്പറില്‍പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ അറസ്റ്റലായി. ഈസ്റ്റ് ആഫ്രിക്കയിലെ മഡഗാസ്‌കറിലാണ് നടുക്കുന്ന സംഭവം. 

വിമാനത്തിൽവച്ച് പ്രസവിച്ചതായി സംശയിക്കുന്ന 20കാരിയെ അറസ്റ്റ് ചെയ്തു. മഡഗാസ്‌കറിൽ നിന്ന് എത്തിയ എയർ മൗറീഷ്യസ് വിമാനം ജനുവരി ഒന്നിനാണ് സർ സീവൂസാഗർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്‌ക്രീൻ ചെയ്തപ്പോഴാണ് എയർപോർട്ട് ഉദ്യോഗസ്ഥർ ഇക്കാര്യം കണ്ടെത്തിയത്. ഇവര്‍ പിന്നീട് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍, കുഞ്ഞ് തന്‍റേതല്ലെന്നാണ് യുവതി ആദ്യം പറഞ്ഞിരുന്നത്. അധികൃതരുടെ സംശയം ബാക്കിനില്‍ക്കെ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്നാണ് യുവതി പ്രസവിച്ചതായി കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ട് വർഷത്തെ വർക്ക് പെർമിറ്റിൽ മൗറീഷ്യസിലെത്തിയ യുവതിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ച ശേഷം ചോദ്യം ചെയ്യുകയും നവജാതശിശുവിനെ ഉപേക്ഷിച്ചതിന് കുറ്റം ചുമത്തുകയും ചെയ്യുമെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.