തേങ്ങാപ്പൂൾ തിന്ന് വിശപ്പടക്കിയ രാജു; ഇന്ന് ശമ്പളമില്ല; ഒരുവശം തളർന്നു; അതിദാരുണം

കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ ജോലി ചെയ്യുന്ന ആന്ധ്രാ സ്വദേശിയാണ് രാജു. ലോക്ഡൗൺ കാലത്ത് തേങ്ങപ്പൂൾ തിന്ന് വിശപ്പടക്കിയ രാജുവിന്റെ ചിത്രം വൈറലായിരുന്നു. പിന്നീട് രാജുവിന് സാമൂഹിക അടുക്കളയിലൂടെ യുവജനക്കൂട്ടായ്മകൾ ഭക്ഷണമെത്തിച്ചത് വാർത്തയായി. ഇപ്പോൾ ഒരു വശം തളർന്ന് കിടപ്പിലാണ് രാജു. നോക്കാനും പരിപാലിക്കാനും ആരോരുമില്ല. തെരുവോരത്താണ് ജീവിതം. മരുന്നിനും ചികിൽസയ്ക്കും പണമില്ല. 6 മാസം ജോലി ചെയ്ത ലൈബ്രറിയിൽ നിന്ന് ഒരു ചില്ലിക്കാശുപോലും രാജുവിന് ശമ്പളമായി ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് സഹപ്രവർത്തകനും ലൈബ്രറി സ്റ്റാഫുമായ മിൽട്ടൺ.

35–വയസ്സുപ്രായം വരുന്ന ആന്ധ്രാ സ്വദേശിയാണ് രാജു. കൊല്ലം പബ്ലിക് ലൈബ്രറി ആന്റ് റിസർച്ച് സെന്ററിൽ 6 മാസം മുമ്പാണ് രാജു പുറംപണിക്കാരനായി ജോലിക്ക് കയറിയത്. എന്നാൽ കോവിഡും ലോക്ഡൗണും മൂലം വരുമാനം നിലച്ചതോടെ രാജുവിന് ശമ്പളം നൽകിയിരുന്നില്ല. ജില്ലാ കലക്ടർ ചെയർമാനും മേയർ വൈസ് ചെയർമാനുമായുള്ള ഭരണസമിതിയാണ് ലൈബ്രറി നടത്തുന്നത്. എന്നാൽ സ്റ്റാഫിന് ശമ്പളം നൽകാതെയും പൂട്ടിയിട്ടും ലൈബ്രറിയുടെ അവസ്ഥ വളരെ ശോചനായമാണെന്ന് മിൽടൺ പറയുന്നു. ലൈബ്രറിയിൽ എത്തുന്നവർ സ്നേഹത്തോടെ രാജുവിന് നൽകുന്ന അല്ലറ ചില്ലറ പണമായിരുന്നു അയാളുടെ വരുമാനമാര്‍ഗം. കിടപ്പിലായതോടെ അതും നിലച്ചു. വളരെ മോശം അവസ്ഥയാലിണ്. ഇറങ്ങി യാചിക്കാൻ പോലും സാധിക്കാത്ത വിധം ആനാരോഗ്യമുണ്ട്. രാജുവിനെ തിരിഞ്ഞു നോക്കാത്തത് ഒരു സാംസ്കാരിക സ്ഥാപനത്തിന് യോജിച്ച നടപടിയല്ല. ഈ ലൈബ്രറിയെ സംസ്ഥാന ലൈബ്രറി കൗൺസിൽ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ചിലർ ഇടപെട്ട് അതിന് തടസ്സം ഉണ്ടാക്കുകയാണ്. ലൈബ്രറി ഏറ്റെടുത്ത് പ്രവർത്തനക്ഷമമാക്കണം, രാജുവിന് വേതനം നൽകണം. സുമനസ്സുകളുടെ സഹായവും ഇതിനായി വേണം. മിൽട്ടൺ പറയുന്നു.