‘രഞ്ജിത്തിന് ഏവിയേഷൻ കോളജിൽ സൗജന്യ പഠനം'; വീട്ടിലെത്തി ഫിറോസ്; വിഡിയോ

നെയ്യാറ്റിൻകരയിൽ തീപൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളെ കാണാൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ എത്തി. ഇരുവര്‍ക്കും വീട് വാഗ്ദാനം ചെയ്ത് ഫിറോസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഫിറോസും മറ്റ് സന്നദ്ധ പ്രവർത്തകരും കുട്ടികൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചു.

അന്ന് രാജന്റയും അമ്പിളിയുടെയും മരണവാർത്ത അറിഞ്ഞപ്പോൾ നിരവധിപ്പേരാണ് പല തരത്തിലുള്ള സഹായം ചെയ്യാൻ സന്നദ്ധത അറിയിച്ചത്. അതൊന്നും വെറുംവാക്കല്ലെന്നും ഇത് ഒരു രാജന്റെയോ അമ്പിളിയുടെയോ മാത്രം അവസ്ഥയല്ലെന്നും ഫിറോസ് പറയുന്നു. അനേകായിരങ്ങളുടെ പ്രശ്നമാണ്. സംഭവത്തിന്റെ വാർത്താപ്രാധാന്യം ചിലപ്പോൾ വരുംദിവസങ്ങളിൽ അവസാനിച്ചേക്കാം. പക്ഷേ നാളെ ഇവർ ഒറ്റപ്പെട്ട് പോകാതിരിക്കാൻ താങ്ങും തണലുമായി എന്നും കൂടെയുണ്ടാകുമെന്നാണ് ഫിറോസ് സഹോദരങ്ങൾക്ക് നൽകുന്ന ഉറപ്പ്.

ഫിറോസിനൊപ്പം വന്ന ഷാഹുൽ എന്നയാൾ മൂത്ത കുട്ടി രഞ്ജിത്തിന് സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുന്നുണ്ട്. കണ്ണൂർ തളിപ്പറമ്പിലുള്ള ഏവിയേഷൻ കോളജിന്റെ ഉടമയാണ് അദ്ദേഹം. പ്ലസ്ടു കഴിഞ്ഞാൽ രഞ്ജിത്തിന് പണം മുടക്കാതെ തന്നെ തന്റെ സ്ഥാപനത്തിൽ പഠിപ്പിക്കാമെന്നാണ് പറയുന്നത്. 3 വർഷത്തേക്ക് പഠനത്തിനും താമസത്തിനുമായി നാലര ലക്ഷം ചിലവാകും. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് പ്രധാനം. അവർക്ക് സ്വയം പ്രാപ്തി വരണം. താമസവും ഭക്ഷണവും എല്ലാം നൽകും. രഞ്ജിത് അതിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഹുൽ പറയുന്നു. 

ഫിറോസ് പങ്കുവച്ച വിഡിയോ: