വൈദ്യുതി തൂൺ ദേഹത്ത് വീണു; തീരാവേദന; ചികിത്സയ്ക്ക് പണമില്ല; കനിവ് തേടി കുരുന്ന്

വൈദ്യുതിതൂണ്‍ വീണ് പരുക്കേറ്റ നാലു വയസുകാരിയുടെ തുടർചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ് കൊല്ലം ഇടമണ്ണിലെ ഒരുകുടുംബം. കിടപ്പിലായ കുഞ്ഞിന് ശസ്ത്രക്രിയ ഉള്‍പ്പെടെ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

പുനലൂര്‍ ഇടമണ്ണില്‍ ദേശീയപാതയോരത്ത് താമസിക്കുന്ന ബിനു സിനുമോള്‍‌ ദമ്പതികളുെട മകള്‍ നാലുവയസുകാരി അനുശ്രീ അതിവേദനയില്‍ കിടപ്പിലായിട്ട് ഒരുമാസമാകുന്നു. ഇവരുടെ വീടിന് മുന്നില്‍ പാതയോരത്ത് കൂട്ടിയിട്ടിരുന്ന വൈദ്യുതിതൂണ്‍, കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

നട്ടെല്ലിനും കാലിനും പരുക്കേറ്റു. ആന്തരികഅവയവങ്ങൾക്ക് മുറിവേറ്റു. തിരുവനന്തപുരം മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുമായി ഇതിനോടകം രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. കെഎസ്ഇബിക്ക് വേണ്ടി കരാറുകാരനാണ് റോഡ‍് വശത്ത് വൈദ്യുതിതൂണ്‍ ഇറക്കിയിട്ടിരുന്നത്. ഇത് സാധാരണമായതിനാല്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി അന്‍പതിനായിരം രൂപ നല്‍കിയെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. ചികില്‍സയ്ക്ക് നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. തുടര്‍ചികില്‍സ എത്രനാള്‍, എങ്ങനെ എന്നതാണ് കുടുംബത്തെ വിഷമത്തിലാക്കുന്നത്

പുറമ്പോക്ക് ഭൂമിയിലെ ചെറിയ കൂരയിലാണ് താമസം. ബിനുവിന് പെയിന്റിങ് ജോലിയാണ്. അനുശ്രീയുടെ ചികില്‍സയ്ക്കായി നിര്‍ധനകുടുംബത്തെ സഹായിക്കാം. സിനുമോളുടെ പേരില്‍ എസ്ബിെഎ തെന്മല ബ്രാഞ്ചില്‍ അക്കൗണ്ട് ഉണ്ട്.

ബാങ്ക് അക്കൗണ്ട്

SINUMOL S

A/C No. 39209400607

IFSC : SBIN0070323

SBI THENMALA BRANCH

Mobile : 9745849012