‘തെറിവിളി; സ്ത്രീകളുമായി ചാറ്റ്’; പേജുകൾ ഹാക്ക് ചെയ്തു: രോഷത്തോടെ ഫിറോസ്: വിഡിയോ

തന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജുകൾ ഹാക്ക് ചെയ്തപ്പെട്ടുവെന്ന് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഫെയ്സ്ബുക്ക് പേജുകളാണ് സിഎജി എന്ന പേരിൽ ഹാക്ക് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. അതിൽ നിന്നും പലരെയും തെറിവിളിക്കുക, സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും ഫിറോസ് കുന്നംപറമ്പിൽ ലൈവ് വിഡിയോയിലൂടെ പറഞ്ഞു. എന്തിനാണ് ഞങ്ങളുടെ പേജുകൾ ഹാക്ക് ചെയ്തു നിങ്ങളുടേതാക്കുന്നത്. എന്തിനാണ് ഞങ്ങളെ ഭയപ്പെടുന്നത്. ഈ ചാരിറ്റി പ്രവർത്തനങ്ങളെ ഇല്ലാതാക്കിയാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടുമെന്നും ഫിറോസ് ചോദിക്കുന്നു. 

ഫിറോസിന്റെ വാക്കുകൾ: കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളായി എന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന പേജുകൾ ഹാക്ക് ചെയ്തുകൊണ്ടിരിക്കുന്നു.  ഈ പേജുകള്‍ ഹാക്ക് ചെയ്ത് സിഎജി എന്ന പേരിൽ മാറ്റിയിരിക്കുകയാണ്. ആ പേജുകളിലൂടെ പലരെയും തെറിവിളിക്കുക, സ്ത്രീകൾക്കെതിരെ മോശമായി പറയുക, മേശമായി ചാറ്റ് ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് ചെയ്യുന്നത്. മാത്രമല്ല തങ്ങൾ ചെയ്യുന്ന സന്നദ്ധ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡിയോ ക്ലിപ്പുകൾ പുറത്തിറക്കുകയും ചെയ്തു.

മക്കാല കൂട്ടായ്മ, ഫിറോസിന്റെ സുഹൃത്തുക്കൾ തുടങ്ങിയ പേജുകളാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇത്രയും കാലം ഞാൻ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് വ്യാജ പ്രചരണം നടത്തുകയായിരുന്നു. അതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോഴാണ് ഹാക്കർമാരെക്കൊണ്ട് പേജുകൾ ഹാക്ക് ചെയ്തിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ഫോളോവേഴ്സുള്ള പേജുകളാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 

പൊതുസമൂഹം നിങ്ങളെ മനസ്സിലാക്കും. ഇത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത സംഭവമാണ്. നിങ്ങൾക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ. എന്തിനാണ് ഞങ്ങളുടെ പേജുകൾ ഹാക്ക് ചെയ്തു നിങ്ങളുടേതാക്കുന്നത്. എന്തിനാണ് ഞങ്ങളെ ഭയപ്പെടുന്നത്. ഈ ചാരിറ്റി പ്രവർത്തനങ്ങളെ ഇല്ലാതാക്കിയാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും. ഫിറോസ് ലൈവിൽ ചോദിക്കുന്നു.