വേദന വന്നു; സൈക്കിളിൽ ആശുപത്രിയില്‍; എം.പിക്ക് സുഖപ്രസവം; വാഴ്ത്തി ലോകം

പ്രസവവേദന വന്നപ്പോൾ സൈക്കിളെടുത്ത് ആശുപത്രിയിലേക്ക്. ആശുപത്രിയിലെത്തി 1 മണിക്കൂറിനകം സുഖ പ്രസവം. വാർത്തകളിൽ താരമാകുകയാണ് ന്യൂസീലൻഡ് എംപി ജൂലി ആൻ ജെൻഡർ. ഞായറാഴ്ച അതിരാവിലെ 2 മണിക്കാണ് ജൂലിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 41–കാരിയായ ജൂലി ഉടൻ തന്നെ തന്റെ സൈക്കിളെടുത്ത് ആശുപത്രിയിലേക്ക് തിരിച്ചു. 

വീട്ടിൽ നിന്ന് രണ്ട് മൂന്ന് മിനിട്ട് ദൂരം മാത്രമേ ആശുപത്രിയിലേക്കുള്ളൂ. പക്ഷേ വേദന കാരണം 10 മിനിറ്റ് എടുത്താണ് എത്തിയത്. എത്തിയ ഉടൻ തന്നെ ലേബർ റൂമിലേക്ക് കയറ്റി. 1 മണിക്കൂറിനകം പ്രസവം നടന്നു. ജൂലി ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവെച്ചു. ജൂലിയുടെ ഈ പ്രസവകഥ ഇപ്പോൾ ലോകം മുഴുവൻ വൈറലാണ്. നിരവധി പേരാണ് എംപിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളൊരു സൂപ്പർ മമ്മയാണെന്നാണ് നിരവധിപ്പേർ കുറിച്ചിരിക്കുന്നത്.