‘കഞ്ചാവല്ല, പഞ്ചാബ്’; കെട്ടിയ വാച്ച് സമ്മാനമായി നൽകി അബിക്ക: കുറിപ്പ്

മിമിക്രിയിലൂടെ നമ്മെ ഒട്ടേറെ ചിരിപ്പിച്ച പ്രിയതാരം അബി ഓർമയായിട്ട് ഇന്ന് നാല് വർഷം തികയുകയാണ്. ആകസ്മികമായി ആയിരുന്നു അബിയുടെ മരണം. അബിയുടെ ഓർമദിനത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഹാപ്പി വെഡ്ഡിങ്ങിൽ അബി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അബിക്ക നമ്മളെ വിട്ട് പോയിട്ട് 4 വർഷം എന്ന തലക്കെട്ടോടെ ആ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം ഇന്ന് ഒമർ ലുലു പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് ചിത്രത്തിന് പ്രതികരണവുമായി എത്തിയത്. കൂട്ടത്തിൽ അബിക്കാടെ ഡയലോഗ് "ആരാടാ കഞ്ചാവ്? കഞ്ചാവല്ല പഞ്ചാബ് എന്നൊരു കമന്റിട്ടിരുന്നു. ആ കമന്റിന് മറുപടിയായി ഒമർ ലുലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സ്ക്രിപ്റ്റിലില്ലാത്ത ഡയലോഗ് ആയിരുന്നു അതെന്നും എല്ലാവരും അപ്പോൾ ചിരിച്ചു. ഇതു കേട്ട് ഷറഫുദ്ദീന്‍ ഈ ഡയലോഗ് കൂടി ചേർത്തൂടെ എന്ന് ചോദിച്ചു. താൻ യെസ് പറഞ്ഞു. ഇത് ചേർത്തതിന് അബി തനിക്ക് ഒരു ടൈറ്റാൻ വാച്ച് സമ്മാനമായി നൽകിയെന്നും ഒമർ പറയുന്നു.

ഒമറിന്റെ കുറിപ്പ്: 

അബിക്കാടെ ഡയലോഗ് "ആരാടാ കഞ്ചാവ്?കഞ്ചാവല്ല പഞ്ചാബ്.."എന്ന കമ്മന്റ് കണ്ടപ്പോൾ പെട്ടെന്ന്‌ മനസ്സിൽ ഹാപ്പിവെഡ്ഡിങ്ങിന്റെ ഷൂട്ടിംഗ് സമയം ഓർത്ത് പോയി. ആ കമ്മന്റിൽ പറഞ്ഞത് ശരിയായിരുന്നു ആ ഡയലോഗ് അബിക്കാടെ തന്നെ ആയിരുന്നു സ്ക്രിപ്പ്റ്റിൽ ഇല്ലാത്ത ഈ ഡയലോഗ് പെട്ടെന്ന് അബിക്ക പറഞ്ഞപ്പോൾ എല്ലാവരും കുട്ട ചിരി തുടങ്ങി ഷറഫ് നിർത്താതെ കുറെ നേരം ചിരിച്ചിട്ട് ചോദിച്ചു ഒമർ ഇതുംകൂടി ചേർത്തുടെ എന്ന് ഞാന്‍ യെസ് പറഞ്ഞു.സീൻ കഴിഞ്ഞു പോകാൻ നേരത്ത് അബിക്ക എനിക്ക്‌ ഒരു  ഗിഫ്റ്റ് താജുക്കാടെ കയ്യിൽ കൊടുത്തട്ടുണ്ട് എന്ന് പറഞ്ഞിട്ടു പോയി.ഷുട്ട് കഴിഞ്ഞ് താജുക്ക എനിക്ക്‌ അബിക്കാടെ ഗിഫ്റ്റ് തന്നൂ തുറന്ന് നോക്കിയപ്പോൾ ഒരു ടൈറ്റാന്റെ വാച്ച് ഞാന്‍ അബിക്കായെ വിളിച്ച് താങ്ക്സ് പറഞ്ഞു,അബിക്ക പറഞ്ഞു "ഷറഫ് പറഞ്ഞ സമയം തന്നെ ഒന്നും ആലോചിക്കാതെ ആ ഡയലോഗ് നീ എനിക്ക് കൂട്ടി തന്നില്ലേ നിനക്ക് ഈഗോ ഇല്ലാ. നിന്റെ നല്ല സമയമാ ഒമറേ. നല്ല സമത്ത് ഈഗോ ഉണ്ടാവില്.  അതാ ഞാന്‍ കെട്ടിയിരുന്ന വാച്ച് താജുക്കാടെ കയ്യിൽ നിനക്ക് സമ്മാനമായി കൊടുത്ത് പോയത്".

ഓർമ്മപ്പൂക്കൾ അബിക്ക..