വിദ്യാർഥികളെ രാപ്പകൽ പണിയെടുപ്പിച്ചു; ചൈനീസ് കമ്പനിയെ പുറത്താക്കി ആപ്പിൾ

തൊഴിൽ നിയമങ്ങൾ ലംഘിച്ച് വിദ്യാർഥികളെ കൊണ്ട് അധിക സമയം ജോലി ചെയ്യിച്ചതിനെ തുടർന്ന് ചൈനീസ് കമ്പനിയെ ആപ്പിൾ പുറത്താക്കി.  ഐഫോൺ നിർമാണത്തിനായി ആപ്പിൾ ആശ്രയിക്കുന്ന കമ്പനികളിൽ പ്രധാനമാണ് ചൈനയിലെ പെഗാട്രോൺ. വിതരണ പെരുമാറ്റച്ചട്ടം കമ്പനി ലംഘിച്ചുവെന്ന് തെളിഞ്ഞതോടെ ബിസിനസ് പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആപ്പിൾ തീരുമാനിക്കുകയായിരുന്നു.

വിദ്യാർഥികൾ പെഗാട്രോണിൽ ജോലി ചെയ്യുന്നതായി ബ്ലൂബർഗാണ് റിപ്പോർട്ട് ചെയ്തത്. വിദ്യാർഥികളെ തരംതിരിക്കാതെ ചിലരെ രാത്രി വൈകിയും അധികസമയം പണിയെടുപ്പിക്കുന്നുണ്ടെന്നാണ് ആപ്പിൾ കണ്ടെത്തിയത്. ഇത് ആപ്പിളിന്റെ തൊഴിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഏതൊരു വിദ്യാർഥി തൊഴിലാളി പ്രോഗ്രാമിനും കമ്പനിക്ക് കർശനമായ അവലോകനവും അംഗീകാര പ്രക്രിയയും ഉണ്ട്. ഇത്തരത്തിൽ ജോലി ചെയ്യുന്ന വിദ്യാർഥികൾക്ക് രാത്രി ഷിഫ്റ്റുകൾ നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആപ്പിൾ പറയുന്നത്.

നിലവിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നത് വരെ പെഗട്രോണിന് ആപ്പിളിൽ നിന്ന് പുതിയ ബിസിനസ്സൊന്നും ലഭിക്കില്ലെന്നാണ് യുഎസ് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നത്. നിലവിൽ ആപ്പിൾ നാല് പുതിയ ഐഫോൺ 12 മോഡലുകളാണ് നിർമിച്ച് വിതരണം ചെയ്യുന്നത്. 

അതേസമയം, കിഴക്കൻ ചൈനയിലെ ഷാങ്ഹായ്, കുൻഷാൻ ക്യാംപസുകളിൽ വിദ്യാർഥി തൊഴിലാളി പ്രോഗ്രാമിന് മേൽനോട്ടം വഹിച്ച മാനേജരെ പെഗട്രോൺ പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ കമ്പനി വിദ്യാർഥി തൊഴിലാളികളെ ഉൽ‌പാദന പരിധിയിൽ നിന്ന് മാറ്റി നിർത്തിയതായും ആവശ്യമായ പിന്തുണയും പരിചരണവും നൽകിക്കൊണ്ട് ശരിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും പെഗട്രോൺ അറിയിച്ചു.