ഓർഡർ ചെയ്തത് 53,000–ത്തിന്റെ ഐഫോൺ; കിട്ടിയത് രണ്ട് നിർമ സോപ്പ്..!

ഓൺലൈൻ ഓർഡറുകൾ വഴി ഉണ്ടാകുന്ന അബദ്ധങ്ങളുടെ പലതരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ പുതിയ ഒരു സംഭവമാണ് പുറത്തു വരുന്നത്. ആപ്പിളിന്റെ ഐഫോൺ 12 ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്തു. കിട്ടിയതോ കുറച്ച് ബാർ സോപ്പുകളും.ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിൽ പ്രമാണിച്ചാണ് സിമ്രാൻപാൽ സിങ് എന്നയാൾ 53,000 രൂപ വിലയുള്ള ഫോൺ ഓർഡർ ചെയ്തത്. എന്നാൽ പാർസലെത്തി തുറന്ന് നോക്കുമ്പോൾ അതിൽ രണ്ട് നിർമ സോപ്പുകൾ. 

സാധനം ഡെലിവറി ചെയ്തയാൾ പാർസൽ തുറക്കുന്നതിന്റെ വിഡിയോ യൂട്യൂബ് ചാനലിലൂടെ സിമ്രാൻപാൽ പങ്കുവച്ചിരുന്നു. ഫ്ലിപ്കാർട്ട് വിശ്വസനീയമായ ഒരു പ്ലാറ്റ്ഫോമായതിനാൽ സംഭവം പലരെയും ഞെട്ടിക്കുന്നതായിരുന്നു. ഫ്ലിപ്കാർട്ടിനോട് ഇക്കാര്യത്തിൽ സിമ്രാൻ പരാതി സമർപ്പിച്ചിട്ടുണ്ട്. തെറ്റം അവർ അംഗീകരിച്ചുവെന്നാണ് ഇയാൾ പറയുന്നത്. സിമ്രാൻപാലിന്റെ ഓർഡർ അവർ തന്നെ കാൻസൽ ചെയ്ത് പണം റീഫണ്ട് ചെയ്തിട്ടുണ്ട്. പണം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് സിമ്രാൻ പറഞ്ഞത്.