‘എന്തേലും നിവൃത്തിയുണ്ടേ ആ ട്രംപിനെ ജയിപ്പിക്കരുത്’; അന്ന് ദുൽഖറിന്റെ അജിപ്പാൻ; ട്രോൾ

ജോ ബൈഡനും കമല ഹാരിസും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോൾ ഇവിടെയും അഭിനന്ദനപ്രവാഹമാണ്. കമലയുടെ നേട്ടത്തിൽ രാജ്യം ഏറെ സന്തോഷിക്കുന്നു. അതേ സമയം എന്തിനും ഏതിനും ചിരി കണ്ടെത്തുന്ന സമൂഹമാധ്യമങ്ങളിലെ ട്രോളൻമാർ ആഘോഷമാക്കുകയാണ് ഈ അമേരിക്കൻ വിജയഗാഥ. വിജയികളെ അഭിനന്ദിക്കുന്നതിനൊപ്പം ട്രംപിന്റെ പരാജയമാണ് ഇവിടെ ഉന്നം. 2017ൽ എത്തിയ സിഐഎ സിനിമയിൽ ദുൽഖറിന്റെ കഥപാത്രം അജിപ്പാൻ പറയുന്ന ഡയലോഗാണ് വിഡിയോ ട്രോളുകളിൽ മുന്നിൽ. ‘എന്തേലും നിവൃത്തി ഉണ്ടെങ്കിൽ ആ ട്രംപിനെ ജയിപ്പിച്ചേക്കരുത്..’ എന്ന ഉപദേശം ഇപ്പോൾ വൈറലാണ്. മോദി–ട്രംപ് സൗഹൃദവും ട്രോളുകളിൽ നിറയുകയാണ്. 

തിരഞ്ഞെടുപ്പ് വിജയത്തിനു ജനങ്ങളോട് നന്ദി പറഞ്ഞ് ജോ ബൈഡന്‍. ജനങ്ങളര്‍പ്പിച്ച വിശ്വാസം കാക്കും. ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും. സുഖപ്പെടുത്താനുള്ള സമയമാണിത്. അമേരിക്കയുടെ ലോകനേതൃപദവി തിരിച്ചുപിടിക്കും. ആക്രോശങ്ങൾ മാറ്റിവച്ച് പരസ്പരം മനസ്സിലാക്കണം. വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കാനുള്ള സമയം ആണ് ഇതെന്നും ബൈഡൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ കിട്ടിയെന്നും ബൈഡൻ പറഞ്ഞു.

അതേസമയം ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നും ഫലം ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡോണൾഡ് ട്രംപ്. ഭരണത്തുടർച്ചക്കായി ജനവിധി തേടി പരാജയപ്പെടുന്ന പന്ത്രണ്ടാമത്തെ യുഎസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. ട്രംപിന് ഉറപ്പിക്കാനായത് 214 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ മാത്രമാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള തന്റെ പ്രചാരണം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.