മരണത്തെ മുഖാമുഖം കണ്ട് പുഴയിലൂടെ ഒഴുകി; അദ്ഭുതകരമായ രക്ഷപ്പെടല്‍

അടിമാലി: ചങ്ങാടത്തിൽ പുഴ കടക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപെട്ട 3 കുട്ടികൾ ഉൾപ്പെടെ  9 അംഗ ആദിവാസി സംഘം അദ്ഭുതകരമായി രക്ഷപ്പെട്ടു. മാങ്കുളം കുറത്തിക്കുടി ആദിവാസി സങ്കേതത്തിനു സമീപം കൂന്ത്രപ്പുഴയിലെ ഉരുളിവാഴനിലാണ് അപകടം. കുത്തൊഴുക്കിലൂടെ നീങ്ങിയ ചങ്ങാടം  2  യുവാക്കൾ പുഴയിൽ ചാടി കരയ്ക്കടുപ്പിച്ചു. കുറത്തിക്കുടി സ്വദേശികളായ ശശി രാവണൻ (52), ഭാര്യ കുമാരി ശശി (48), ശിവനന്ദൻ ഗുരുസ്വാമി (35), ഭാര്യ ശിവാനി ശിവാനന്ദൻ (30), മകൾ അനുമോൾ (8), അനന്ദു (8), ശിവൻ ശിലുങ്കൻ (35), ഭാര്യ ഓമന (30), മകൾ ശിവഗംഗ (3) എന്നിവരാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ഒൻപതിനാണു സംഭവം. 

മഞ്ഞക്കൂവ ശേഖരിക്കുന്നതിനാണ് ഒരാഴ്ച മുൻപു പുഴ കടന്നു സംഘം വനമേഖലയിൽ പോയത്. 2 ദിവസം മുൻപ്  മടങ്ങാൻ  ശ്രമിച്ചെങ്കിലും പുഴയിൽ വെള്ളം കൂടിയതിനാൽ സാധിച്ചില്ല. തുടർന്ന്  ഈറ്റ കൊണ്ടു ചങ്ങാടം നിർമിച്ച് പുഴ  കടക്കാൻ ശ്രമിക്കുകയായിരുന്നു.  പുഴയുടെ മധ്യഭാഗത്ത് എത്തിയപ്പോൾ ഒഴുക്ക് കൂടി ചങ്ങാടം  നിയന്ത്രണംവിട്ടു.  ശശിയും കുമാരിയും തെറിച്ചു പുഴയിൽ വീണു. 2 കിലോമീറ്റർ മരണത്തെ മുഖാമുഖം കണ്ട് ഇവർ പുഴയിലൂടെ ഒഴുകി. ഇതിനിടെ ശശിക്ക് കരയിലേക്ക് അടുക്കാൻ കഴിഞ്ഞു. തുടർന്നു  കുമാരിയെയും കരയിൽ എത്തിക്കുകയായിരുന്നു.

ബാക്കിയുള്ള 7 പേരുമായി ചങ്ങാടം 3 കിലോമീറ്ററോളം ഒഴുകി നീങ്ങി. കരയിൽ നിൽക്കുകയായിരുന്ന, കുറത്തിക്കുടി സ്വദേശികളായ ജയ്മോനും മോഹൻദാസും പുഴയിൽ ചാടി  കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.  അപകട വിവരം കുറത്തിക്കുടി സ്വദേശികളായ സുജിത്, സരോജിനി എന്നിവർ  7 കിലോമീറ്ററോളം നടന്ന് മാങ്കുളത്ത് എത്തിയാണ് പൊലീസിനെ അറിയിച്ചത്. പൊലീസും അഗ്നിരക്ഷാ സേനയും കുറത്തിയിൽ എത്തിയപ്പോഴേക്കും സംഘം കരയ്ക്ക് എത്തിയിരുന്നു.