മീനച്ചിലാറ്റിലൂടെ കർക്കിടത്തിലെ കറുത്തവാവു ദിവസം ഒഴുകിവരുന്ന ‘നീലക്കൊടുവേലി’

പാലാ: മനുഷ്യ നിർമിതമായ ദ്രോഹങ്ങളാണ് മീനച്ചിലാറിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമായതെന്ന് പഴമക്കാർ. ജീവിക്കാനായി നദിയെ ഉപയോഗിക്കുന്നതിനു പകരം ചൂഷണോപാധിയാക്കി മാറ്റിയതാണ് തുടർച്ചയായ വെള്ളപ്പൊക്കങ്ങൾക്ക് ഇടയാക്കിയത്. ജല സമൃദ്ധമായിരുന്ന മീനച്ചിലാറ്റിൽ വേനൽക്കാലത്തു പോലും ഒഴുക്കുണ്ടായിരുന്നുവെന്നത് പഴയ കഥ. അനധികൃതമായ മണലൂറ്റാണ് മുൻപ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ പല വിധത്തിലുള്ള കൈയേറ്റമാണ് നടക്കുന്നത്.

മീനച്ചിലാറ്റിലെ നീലക്കൊടുവേലി

കർക്കിടക മാസത്തിലെ കറുത്തവാവു ദിവസം അർധ രാത്രിയിൽ വാഗമണ്ണിനടുത്തുള്ള കുടമുരുട്ടി മലയിലെ കല്ലിടുക്കിൽ വളരുന്ന അത്ഭുത ശക്തിയുള്ള നീലക്കൊടുവേലി എന്ന ഔഷധ സസ്യത്തിന്റെ ഒരു ചില്ല അടർന്ന് ഒഴുകിപ്പോരുമെന്നാണ് വിശ്വാസം. മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക കാലത്ത് ഒഴുകി വരുമെന്ന് വിശ്വസിക്കുന്ന നീലക്കൊടുവേലിയുടെ കഥ എല്ലാ വെള്ളപ്പൊക്കത്തിനും പാലായിൽ കേൾക്കാം. പാലായ്ക്കും പാലാക്കാർക്കും മാത്രം അവകാശപ്പെട്ട ചില പ്രത്യേകതകളൊക്കെയുണ്ട്. ജൂബിലി തിരുനാളും കടപ്പാട്ടൂർ ഉത്സവവും രാക്കുളി പെരുന്നാളും മീനച്ചിലാറും കെ.എം.മാണിയും ഒക്കെ പണ്ടേ പാലായുടെ  അവകാശത്തിൽ പെട്ടതാണ്. മീനച്ചിലാർ പല കരകളിലൂടെ സഞ്ചരിച്ച് ഈരാറ്റുപേട്ട, പാലാ, കോട്ടയം നഗരങ്ങളെ തൊട്ടുരുമി 78 കിലോമീറ്റർ പിന്നിട്ടാണ് കായലിൽ ചേരുന്നത്.

മാലിന്യ  നിർമാർജനത്തിനുള്ള ഇടം

മീനച്ചിലാർ മാലിന്യ നിർമാർജനത്തിനുള്ള ഒരു ഇടമായി മാറിയിരിക്കുകയാണ്. എന്നാൽ ഇതൊന്നും അധികാരികളുടെ കണ്ണു തുറപ്പിച്ചിട്ടില്ല. മാലിന്യ സംസ്കരണത്തിനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഇന്നും നടപ്പാക്കാതെ മീനച്ചിലാർ മാലിന്യം തള്ളാനുള്ള ഇടമാക്കി മാറ്റിയിരിക്കുന്നു. തോടുകളും കൈവഴികളുമെല്ലാം മാലിന്യങ്ങൾ മറവു ചെയ്യാനുള്ള സ്ഥലങ്ങളായി. മഴക്കാലമാകുമ്പോൾ പ്ലാസ്റ്റിക് കൂടുകളിൽ നിക്ഷേപിച്ചിരിക്കുന്ന അവശിഷ്ടങ്ങളെല്ലാം നദിയിൽ എത്തുകയാണ് ചെയ്യുന്നത്. വെള്ളപ്പൊക്ക സമയങ്ങളിൽ ലോഡ് കണക്കിനു പ്ലാസ്റ്റിക്കുകളാണ് ഒഴുകി എത്തുന്നത്.‍ വലിയ സ്ഥാപനങ്ങൾ പോലും മാലിന്യങ്ങൾ നദിയിൽ തള്ളുന്നതിനുള്ള രഹസ്യ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ യാഥാർഥ്യം അറിയുന്ന അധികൃതർ ഒന്നും അറിയാത്തതായി നടിക്കുകയാണ്.

വീതി കുറച്ചുള്ള നിർമാണങ്ങൾ

വലിയ മരങ്ങൾ കടപുഴകി തോടുകളിലും ആറ്റിലും കിടക്കുന്നത് നീരൊഴുക്കിനെ തടയുന്നുണ്ട്.  കൃഷി നഷ്ടമായതോടെ മണ്ണൊലിപ്പ് തടയാനുള്ള കയ്യാല കെട്ടുന്നതുൾപ്പെടെയുള്ള രീതികളും ഉപേക്ഷിച്ചു. ഫലഭൂയിഷ്ഠമായ മേൽമണ്ണ് ഒഴുകി നദിയിലെത്തുന്നത് മീനച്ചിലാറിന്റെ ആഴം കുറയാൻ കാരണമാകുന്നുണ്ട്. പാലം, റോഡ്, സംരക്ഷണ ഭിത്തി എന്നിവ തോടും ആറുമായി ബന്ധപ്പെട്ട് നിർമിക്കുന്നതോടെ ഇവയുടെയെല്ലാം വീതി കുറയുന്നത് പതിവാണ്. സർക്കാർ വക നിർമാണങ്ങളുടെ സ്ഥിതിയും ഒട്ടും മോശമല്ല. റിവർവ്യൂ റോഡും പാലങ്ങളും നദിയുടെ വീതി കുറയാൻ കാരണമായിട്ടുണ്ടെന്ന് പരിസ്ഥിതി സ്നേഹികൾ തന്നെ പറയുന്നു.

കൊല്ലപ്പള്ളിയിലെ ആഴം കൂട്ടൽ

തോടുകളുടെ വീതിയും ആഴവും കൂട്ടിയാൽ വെള്ളപ്പൊക്കം നിയന്ത്രിക്കാമെന്നതിന്റെ തെളിവാണ് കൊല്ലപ്പള്ളിയിൽ കണ്ടത്. ചെറിയ ഒരു വെള്ളപ്പൊക്കം പോലും താങ്ങാൻ കഴിയാതിരുന്ന കൊല്ലപ്പള്ളി തോട്ടിലെ മാലിന്യങ്ങൾ നീക്കിയതു വഴി ഭീഷണി ഒഴിവായത് യാത്രക്കാർക്കും കച്ചവടക്കാർക്കും നൽകിയ ആശ്വാസം ചെറുതല്ല.

∙ കൂടിയും തിരിഞ്ഞും മീനച്ചിലാർ

വഴിക്കടവിൽ നിന്നാരംഭിച്ചു തീക്കോയിയിൽ എത്തുന്ന ഒരു ശാഖയും വാഗമണ്ണിനു വടക്കുപടിഞ്ഞാറ് ഇല്ലിക്കൽ കല്ലിൽ ‍നിന്ന് ഉത്ഭവിച്ച് മങ്കൊമ്പ്, തലനാടു കടന്ന് തീക്കോയിയിൽ എത്തുന്ന ശാഖയും ഒന്നുചേരും.‍ മേലുകാവിൽ നിന്നെത്തുന്ന കളത്തൂക്കടവ് ആറ് ഈരാറ്റുപേട്ടയ്ക്ക് വടക്ക് മീനച്ചിലാറ്റിൽ ചേരുന്നുണ്ട്. കോലാഹലമേട്, കുരിശുമല എന്നിവിടങ്ങളിൽ നിന്നുള്ള അരുവികൾ ഒന്നുചേർന്ന് അടിവാരം പെരിങ്ങളം, എന്നിവിടങ്ങളിലൂടെ കടന്നു പൂഞ്ഞാറിലൂടെ ഒഴുകി ഈരാറ്റുപേട്ടയിലെത്തി പ്രധാന കൈവഴിയുമായി ചേരുന്നു. ഇവിടെ നിന്നാണ് മീനച്ചിലാർ പൂർണാർഥത്തിൽ ഒഴുക്കാരംഭിക്കുന്നത്.

കൊണ്ടൂരിൽ ചിറ്റാർ തോട്, പനയ്ക്കപ്പാലത്ത് അറയ്ക്കൽതോട്, ഇടമറ്റത്ത് പൊന്നൊഴുകുംതോട്, പാലായിൽ ളാലം തോട്, അരുണാപുരത്ത് മീനച്ചിൽതോട്, ചേർപ്പുങ്കലിൽ ചകിനിത്തോട്, പുന്നത്തുറക്കടുത്തുള്ള പന്നഗത്തു വച്ച് പന്നഗം തോട് എന്നിവ മീനച്ചിലാറ്റിലേക്ക് എത്തുന്ന പ്രധാന ജലസ്രോതസ്സുകളാണ്. കുറവിലങ്ങാട് ഭാഗത്തു നിന്നുള്ള അരുവികൾ ചേർന്ന് കടപ്പൂർ കടന്നു കട്ടച്ചിറയിലെത്തുന്ന തോടും മീനച്ചിലാറിനെ പൂർണ്ണതയിൽ എത്തിക്കുന്നു.

വെള്ളപ്പൊക്കത്തിന് പ്രധാന കാരണം തടയണകൾ

∙ മീനച്ചിലാറ്റിലെ തടയണകൾ വെള്ളപ്പൊക്കത്തിനു പ്രധാന കാരണമാണ്. ഒരാൾ പൊക്കമുള്ള തടയണകൾ തുറക്കാറില്ല. ഇതുമൂലം ചെളിയും തടിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി നദിയുടെ അടിത്തട്ട് ഉയരുകയാണ്. തടയണകൾ മഴക്കാലത്ത് തുറക്കുകയും വേനൽക്കാലത്ത് അടയ്ക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്താൽ സ്വാഭാവികമായി മീനച്ചിലാറിന്റെ അടിത്തട്ട് വൃത്തിയാകും. 1984 വരെ മീനച്ചിലാറ്റിൽ നിന്ന് മണൽ ലേലം ചെയ്ത് നൽകിയിരുന്നു രവി പാലാ (മുൻ മുനിസിപ്പൽ കമ്മിഷണർ.) പാലാ.