കുളിക്കാൻ ഇറങ്ങിയവർക്ക് പരുക്ക്; പരിശോധിച്ചപ്പോൾ‌ ചില്ലിട്ട ഇരുന്നൂറിലേറെ ചിത്രങ്ങൾ

തൃക്കുന്നപ്പുഴ: ചില്ലിട്ട് ഫ്രെയിം ചെയ്ത ഇരുന്നൂറിലേറെ ചിത്രങ്ങൾ പല്ലന ആറ്റിൽ കെ.വി.ജെട്ടി തൂക്കു പാലത്തിനു സമീപം കുളിക്കടവിൽ തള്ളിയത് നാട്ടുകാരെ വലയ്ക്കുന്നു. മിക്കതിന്റെയും ചില്ലുകൾ പൊട്ടി കടവിലെ വെള്ളത്തിൽ വീണു.ഇവിടെ കുളിക്കാൻ ഇറങ്ങിയ ചില കുട്ടികളുടെ കാലുകളിൽ ചില്ലുകൾ കൊണ്ടു മുറവേറ്റതിനെ തുടർന്നു പരിശോധിച്ചപ്പോഴാണു വെള്ളത്തിൽ ഫോ‌ട്ടോകൾ കണ്ടത്.

രാത്രികാലത്ത് ആരെങ്കിലും കൊണ്ടുവന്നു തള്ളിയാതാകാമെന്നു നാട്ടുകാർ പറഞ്ഞു. പൊട്ടിയ ചില്ലുകൾ കടവിൽ കിടക്കുന്നതിനാൽ  ഇവിടെ കുളിക്കാൻ ഇറങ്ങാൻ മിക്കവർക്കും ആശങ്കയുണ്ട്. തൂക്ക് പാലവും സമീപ ഭാഗങ്ങളും സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയതായി പരാതിയുണ്ട്.

ഇവിടങ്ങളിൽ രാത്രികാല പട്രോളിങ് ഉൗർജിതമാക്കണമെന്നു നാട്ടുകാർ തൃക്കുന്നപ്പുഴ പൊലീസിനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. രാത്രികാലത്ത് വാഹനങ്ങളിൽ മാലിന്യം എത്തിച്ച് ഇവിടെ ആറ്റിൽ തള്ളിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ വരുന്നവർ ഭീഷണി മുഴക്കാറുള്ളതിനാൽ പലരും ഇപ്പോൾ പ്രതികരിക്കാറില്ല. തൂക്കു പാലത്തിനു സമീപം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും പൊലീസ് പ‌ട്രോളിങ് ഉൗർജിതമാക്കുകയും വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.