ലോകത്തിലെ ഏറ്റവും ഏകാകിയായ ആനയ്ക്ക് മോചനം; കാവൻ കാട്ടിലേക്ക്

ലോകത്തിലെ ഏറ്റവും ‘ഏകാകിയായ ആന’ എന്ന വിശേഷണം ലഭിച്ച ‘കാവൻ’ഒടുവിൽ കാട്ടിലേക്ക്. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‍ലാമാബാദിലെ മാർഗസർ മൃഗശാലയിൽ 35 വർഷമായി ഒറ്റയ്ക്കു കഴിയുന്ന കാവൻ എന്ന ആനയെ കാട്ടിലേക്കു തുറന്നു വിടാൻ തീരുമാനിച്ചത്. ഹൈക്കോടതി അടച്ചുപൂട്ടാൻ നിർദേശിച്ച മൃഗശാലയാണ് മാർഗസർ.

അശാസ്ത്രീയമായാണ് മൃഗങ്ങളെ കൈകാര്യം ചെയ്യുന്നു എന്ന പലകുറി പരാതികൾ ഉയർന്ന മൃഗശാലയാണിത്.കഴിഞ്ഞ ജൂലൈയിൽ 2 സിംഹങ്ങൾ ഇവിടെ ചത്തിരുന്നു. മൃഗശാലയിൽനിന്നു മാറ്റാനായി സിംഹങ്ങളെ കൂട്ടിൽ കയറ്റാൻ ഇവ കഴിഞ്ഞിരുന്ന വേലിക്കെട്ടിനുള്ളിൽ മൃഗശാല ജീവനക്കാർ തീയിട്ടപ്പോഴാണ് സിംഹങ്ങൾ ചത്തത്. ഇവിടെയാണ് കാവൻ ഇത്രനാൾ ജീവിച്ചത്.

2012 ൽ ഇണ ചെരിഞ്ഞ ശേഷം കാവൻ ഒറ്റയ്ക്കായിരുന്നു. ഇസ്‍ലാമാബാദ് മൃഗശാലയിലെ മോശം സാഹചര്യങ്ങൾ കൂടി ചേർന്നതോടെ ആരോഗ്യനില വഷളായി. ഇതോടെ, കാവനുവേണ്ടി ലോകമെങ്ങുമുള്ള മൃഗസ്നേഹികൾ ശബ്ദമുയർത്തി. ഏറ്റവും ഏകാകിയായ ആന എന്നാണ് അവർ കാവനെ വിളിച്ചത്. ഏറെനാളത്തെ ശ്രമങ്ങൾക്കു ശേഷമാണ് കംബോഡിയയിലേക്കു കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചത്.കംബോഡിയയിലെ വന്യമൃഗ സങ്കേതത്തിലേക്കായിരിക്കും ആനയെ കൊണ്ടുപോവുക.