ഒരു വശം പർപ്പിൾ നിറം; മറുവശം പച്ച; നടുക്കി തടാകം; ആശങ്ക

പരാഗ്വേയില്‍ പര്‍പ്പിള്‍ നിറത്തിലേക്ക് മാറിയ ഒരു തടാകം ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. തടാകത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ നിറം മാറ്റം നടത്തിയിരിക്കുന്നത്. പരഗ്വെയിലെ സെറോ ലെഗൂണ്‍ ആണ് ഇത്തരത്തില്‍ ഏതാനും മാസങ്ങളായി പര്‍പ്പിള്‍ നിറത്തില്‍ തുടരുന്നത്. നിറത്തില്‍ മാത്രമല്ല തടാകത്തിലെ വെള്ളത്തിന്റെ ഗന്ധത്തിലും കാര്യമായ മാറ്റമുണ്ട്. എന്തോ ചത്തുചീഞ്ഞതു പോലുള്ള ദുർഗന്ധമാണ് പലപ്പോഴും തടാകത്തില്‍നിന്ന് പുറത്തേക്കു വരുന്നത്. കടലിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ലഗൂണ്‍ തടാകമാണ് സെറോ ലെഗൂണ്‍.

ലിംപിയോ നഗരത്തിനു സമീപത്തായാണ് ഈ തടാകം മലിനീകരിക്കപ്പെട്ടിരിക്കുന്നത്. തടാകത്തില്‍ നിറം മാറി കാണപ്പെട്ട പ്രദേശത്തെ മത്സ്യങ്ങളും ചത്തു പൊങ്ങിയിരുന്നു. ഇപ്പോള്‍ മലിനീകരിക്കപ്പെട്ടതായി കാണുന്ന പ്രദേശത്ത് ജീവജാലങ്ങള്‍ ഒന്നും തന്നെയില്ല. ഈ പ്രദേശത്ത് നിന്ന് മത്സ്യങ്ങളെ ഭക്ഷിച്ചതെന്ന് കരുതുന്ന പക്ഷികളും വ്യാപകമായി ചത്തുവീണതായി കണ്ടെത്തിയിരുന്നു.   

തടാകം എപ്പോഴും പര്‍പ്പിള്‍‍ നിറത്തില്‍ മാത്രമല്ല കാണപ്പെട്ടതെന്നും പ്രദേശവാസികള്‍ പറയുന്നു. ഇത് വരെയുള്ള നിഗമനങ്ങളില്‍ നിന്നും, പ്രദേശവാസുകളുടെ വാക്കുകളില്‍ നിന്നും മലിനീകരണത്തിന് പിന്നില്‍ തടാകക്കരയില്‍ സ്ഥിതി ചെയ്യുന്ന വാള്‍ട്രേഡിങ് എസ്.എ ടാനറി എന്ന വ്യവസായശാലയാണ്. അതേസമയം ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ ഇതുവരെ ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല.ക്രോമിയത്തിന്‍റെ സാന്നിധ്യമാകാം ഈ മലിനീകരണത്തിന് കാരണമായതെന്നാണ് പരഗ്വെ നാഷണല്‍ ലബോറട്ടറിയിലെ ഗവേഷകനായ ഫ്രാന്‍സിസ്കോ ഫെരേരിയ പറയുന്നത്. മൃഗങ്ങളുടെ തോല്‍ മിനുസപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന ലോഹമാണ് ക്രോമിയം.