പതഞ്ഞുപൊങ്ങി യമുന; ശുദ്ധജലവിതരണം മുടങ്ങി; വലഞ്ഞ് ഡൽഹി

ഡൽഹിയിൽ വായുവിന്റെയും വെള്ളത്തിന്റെയും നിലവാരം ഗുരുതരാവസ്ഥയിൽ. അമോണിയ തോത് വർധിച്ച് യമുന നദി പതഞ്ഞ് പൊങ്ങി. അഞ്ച് പ്ലാന്റുകളിൽ നിന്നുള്ള ജല വിതരണം മന്ദഗതിയിലായി. ദീപാവലിക്ക് ശേഷം വായു നിലവാര സൂചിക 432-ൽ തുടരുകയാണ്.  

ശൈത്യകാലം ഡൽഹി നിവാസികൾക്ക് ദുരിത കാലമാവുകയാണ്. വായു മലിനീകരണത്തിനൊപ്പം അമോണിയ തോത് വർധിച്ച് യമുന നദി പതഞ്ഞ് പൊങ്ങിയത് ഇരട്ടി പ്രഹരമായി. അമോണിയ തോത് 2.2 പി പി എമ്മിൽ നിന്ന് 0.9 ലേക്ക് താഴ്ന്നതായാണ് അധിക്യതർ നൽകുന്ന വിവരം. ഓഖ്ല, വസിറബാദ് അടക്കം അഞ്ച് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ പ്രവർത്തനം മന്ദഗതിയിലായി. പലയിടത്തും ജനം വെള്ളം കിട്ടാതെ വലഞ്ഞു. ചാട്ട് പൂജക്കെത്തിയവരും നദിയുടെ അവസ്ഥ കണ്ട് കുഴങ്ങി. 

ദീപാവലി കഴിഞ്ഞ് നാല് ദിവസമായിട്ടും വായു നിലവാര സൂചിക 432-ൽ തുടരുകയാണ്. ശ്വാസകോശ പ്രശ്നങ്ങളും ആസ്തമയുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു. സമീപ സംസ്ഥാനങ്ങളിൽ കർഷകർ വൈക്കോൽ കത്തിക്കുന്നത് തുടരുകയാണെന്നും തടയാൻ  അടിയന്തര യോഗം വിളിക്കണമെന്നും ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.