അന്തരീക്ഷ മലിനീകരണം തടയും; നടപടികൾ ഊർജിതമാക്കി സംസ്ഥാന സർക്കാരുകൾ

സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് അന്തരീക്ഷ മലിനീകരണം തടയാനുള്ള നടപടികൾ ഊർജിതമാക്കി സംസ്ഥാന സർക്കാരുകൾ. നഗരത്തിൽ ട്രക്കുകൾ നിരോധിച്ച ഡൽഹി സർക്കാർ 1000 CNG ബസുകൾ വാടകക്കെടുക്കും. അടുത്ത ആഴ്ചമുതൽ ഹരിയാനയുടെ അതിർത്തി ജില്ലകളിൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ആരംഭിക്കും. ഇതിനിടെ വൈക്കോൽ കത്തിക്കുന്നതിൽ കർഷകർക്കെതിരെ എടുത്ത കേസുകൾ പഞ്ചാബ് സർക്കാർ പിൻവലിച്ചു.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം കർഷകരാണെന്ന വാദങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വാഹങ്ങൾ  ഉണ്ടാകുന്ന 40 % ഉം ഫാക്ടറികളുണ്ടാക്കുന്ന 19 % ഉം  അന്തരിക്ഷ മലിനീകരണം തടയാൻ എന്തു ചെയ്തു എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതേ തുടർന്ന് ഡൽഹി സർക്കാർ  1000 സിഎൻജി ബസുകൾ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചു. നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് 21 വരെ വിലക്കേർപ്പെടുത്തി. വർക്ക് ഫ്രം ഹോം, വിദ്യാലയങ്ങൾക്ക് അവധി, നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് എന്നിവ നേരത്തെ ഏർപ്പെടുത്തിയിരുന്നു.  ഹരിയാന സർക്കാർ ഡൽഹി അതിർത്തിയിലെ ജില്ലകളിൽ അടുത്ത ആഴ്ച മുതൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്തി. ഈ ജില്ലകളിലുള്ളവർക്ക് 22 വരെ വർക്ക് ഫ്രം ഹോം തുടരും. ഇതിനിടെ വൈക്കോൽ കത്തിച്ചതിൽ കർഷകർക്കെതിരായെടുത്ത കേസുകൾ പഞ്ചാബ് സർക്കാർ പിൻവലിച്ചു. വൈക്കോൽ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കർഷകരോട് മുഖ്യമന്ത്രി ചരൺജിത്ത് ഛന്നി അഭ്യർത്ഥിച്ചു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിച്ചു.