ആന്ധ്രയിലെ അജ്ഞാതരോഗം; ബാധിച്ചത് 500 പേരെ; വിദഗ്ദര്‍ അന്വേഷിക്കുന്നു

ആന്ധ്രപ്രദേശിലെ ഏലൂരിൽ ഭീതി പരത്തിയ അജ്ഞാത രോഗം വിദഗ്ദര്‍ അന്വേഷിക്കുന്നു. എയിംസിലെ അടക്കം വിദഗ്ദര്‍ രോഗത്തിന്‍റെ സ്വഭാവം പരിശോധിച്ചുവരികയാണ്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അടക്കം വിഷയത്തില്‍ ഇടപെട്ടു. ബിജെപി എംപി രോഗികളെ സന്ദർശിച്ചു. രോഗികളിൽ നടത്തിയ രക്തപരിശോധന ഫലത്തിൽ രക്തത്തിൽ ലെഡിന്റെയും നിക്കലിന്റെയും അംശം കൂടുതലായി കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. കൂടുതൽ പരീക്ഷണത്തിനായി ലാബിൽ നൽകിയ  രക്തസാമ്പിളുകളുടെ പരിശോധനാഫലത്തിൽ മാത്രമേ രോഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രതിപക്ഷനേതാവ് ചന്ദ്രബാബു നായിഡു ശക്തമായ വിമർശനവുമായി രംഗത്തെത്തി. രോഗമുണ്ടാകാൻ കാരണം ജലമലിനീകരണമെണെന്നും സർക്കാരിന്റെ അനാസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

500 പേരെയാണ് അ‍ജ്ഞാതരോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ച് ഒരാൾ മരിച്ചു. 19 പേരെ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചു. കോവിഡ് വ്യാപനത്തിനിടെയാണ് ആന്ധ്രപ്രദേശിലെ ആരോഗ്യരംഗത്തിന് ഭീഷണിയായി അജ്ഞാതരോഗം പരക്കുന്നത്. എട്ട് ലക്ഷത്തോളം കോവിഡ് കേസുകളാണ് ഇതുവരെ ആന്ധ്രയിൽ രജിസ്റ്റർ ചെയ്തത്. അ‍ജ്‍ഞാത രോഗം ബാധിച്ചവരിൽ കോവിഡിന്റെ ലക്ഷണങ്ങളില്ല.