‘മനുഷ്യരെ കൊല്ലും; നിരോധിക്കണം': ചൈനീസ് ആപ്പിനെതിരെ പാക്കിസ്ഥാനിലും പ്രതിഷേധം

ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പുകൾക്കെതിരെ പാക്കിസ്ഥാനിലും പ്രതിഷേധം ആളുന്നു. ലോകത്ത് ഒന്നടങ്കം നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇത്. ജനപ്രീയ ചൈനീസ് ആപ്പായ ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോർ ഹൈക്കോടതിയിൽ ഹർജി നല്‍കി കഴിഞ്ഞു. ഒരു പൗരനുവേണ്ടി അഭിഭാഷകന്‍ നദീം സർവറാണ് ഹർജി നൽകിയത്.

ടിക്ക് ടോക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ട് രാജ്യത്ത് 10ൽ അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. പ്രശസ്തിക്കും റേറ്റിങ്ങിനും വേണ്ടി ആപ്പുവഴി അശ്ലീലം പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വിഡിയോ ആപ്ലിക്കേഷൻ ലോകത്തെ വലിയ ദുരന്തമാണ്. ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കൾ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ കേസുകൾ ലോകത്തിന്റെ പലഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. ചൈനീസ് ടിക്ടോക്കിനെതിരെ കോടതിയിൽ ഹർജി നൽകിയതായി ദി ഡോണാണ് റിപ്പോർട്ട് ചെയ്തത്.