25 രാജ്യങ്ങളിലിരുന്ന് ശിഷ്യര്‍ പാടി; അധ്യാപക ദമ്പതികളുടെ ഈണം; ഹൃദ്യം വിഡിയോ

സാമൂഹിക അകലത്തിന്‍റെ നാളുകളിൽ വന്നു ചേർന്ന ലോകസംഗീത ദിനത്തിൽ ഇരുപത്തിയഞ്ച് രാജ്യങ്ങളിലിരുന്ന് സംഗീത വിദ്യാർഥികൾ പാടി. സം ഗീത ലോകത്തേക്ക്  അവർക്കു വഴിതെളിച്ച അധ്യാപകർ പകർന്ന ഈണത്തിലൂടെ അവരുടെ  സ്വരഭേദങ്ങൾ കോർത്തെടുത്തപ്പോൾ മനോഹരമായ സംഗീതശിൽപമായി. എട്ടുവർഷമായി ഓൺലൈൻ  സംഗീതാധ്യാപനത്തിൽ സജീവമായ സുധീഷ് കുമാർ- ദേവകി നന്ദകുമാർ ദമ്പതികൾ നേത്യത്വം നൽകുന്ന 'മ്യൂസിക്‌ ശിക്ഷൺ'(musicshikshan.com) ആണ് സംഗീത ആൽബം ഒരുക്കിയത്. 

ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, യു.കെ, ബൽജിയം, ഓസ്ട്രേലിയ, ജർമനി, സിംഗപ്പൂർ, മലേഷ്യ, ഹോങ്കോങ്, ജോർദ്ദാൻ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ മ്യൂസിക് ശിക്ഷണ് വിദ്യാർഥികളുണ്ട്. സ്കൈപ് അടക്കമുള്ള ആപ്പുകൾ വഴിയാണ്  ക്ലാസുകൾ എടുക്കുന്നത്. കോവിഡ്കാല പ്രതിസന്ധിയിൽനിന്നാണ് പലരും ഓൺലൈൻ ക്ലാസുകളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെങ്കിൽ സുധീഷും ദേവകിയും  2012ൽ  ഒരു വിദ്യാർഥിയിൽ തുടങ്ങിയ ഓൺലൈൻ ക്ലാസ് ആണ് നൂറിൽപരം വിദ്യാർഥികളുമായി ഇപ്പോൾ മുന്നോട്ടു പോകുന്നത്. 

ആറു വയസുകാർ മുതൽ അറുപതുകാർവരെ വിദ്യാർഥികളാണ്. വിവിധ രാജ്യങ്ങളിലെ സമയക്രമം വ്യത്യാസമുള്ളതിനാൽ അതിനനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കും. പലർച്ചെ അഞ്ചു മുതൽ ക്ലാസുകൾ ഉണ്ട്. രാത്രി വൈകിയും ക്ലാസ് എടുക്കേണ്ടി വരും. ആഴ്ചയിൽ 60-65 ക്ലാസുകൾ. വ്യക്തഗതമായി ഓരോ പഠിതാവിനും നല്ല ശ്രദ്ധ കൊടുക്കാറുണ്ടെന്ന് സുധീഷും ദേവകിയും പറയുന്നു. മുൻവർഷങ്ങളിലും ലോകസംഗീത ദിനത്തിൽ  ഇവർ ആൽബം പുറത്തിറക്കിയിരുന്നു.

മ്യൂസിക് ആൽബം കാണാം: