എന്‍ഐടിയിലെ പഴയ പാട്ടുകൂട്ടം വീണ്ടും; സൗഹൃദത്തിന് ലോക്ഡൗണില്ല; പാട്ടിനും

വര്‍ഷങ്ങള്‍ മുന്‍പ് പാട്ടിനായി ഒരുമിച്ചവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് ഒരിക്കല്‍ കൂടി ഒരുമിച്ചു. ലോകം കുടുങ്ങിക്കിടക്കുന്ന കോവിഡ് കാലത്ത് കാലിക്കറ്റ് എന്‍ഐടി കാമ്പസിലെ പഴയ ചങ്ങാതിമാരാണ് പഴയ മ്യൂസിക് ബാൻഡിനെ പൊടി തട്ടിയെടുത്തത്‍. ജർമ്മനിയിൽ നിന്ന് രശ്മിയും യുഎസിലെ ജോർജിയയിൽ നിന്ന് ജോയ് എബ്രഹാമും ത്രിശൂരിൽ നിന്ന് റിയാസ് മുഹമ്മദും തിരുവനന്തപുരത്ത് നിന്ന് രാമകൃഷ്ണനും കോഴിക്കോട് നിന്ന് ജിജോയും ഒപ്പം മുംബൈയിൽ നിന്ന് നീരജ് സേതിയും. പഴയ മ്യൂസിക് ബാൻഡിലെ അംഗങ്ങൾ തങ്ങളുടെ ബാൻഡിനെയും പിന്നെ പഴയ സംഗീത സ്മരണകളെയും പുനരാവിഷ്കരിച്ചു. ലോകത്തിന്‍റെ പല ഭാഗത്തുമുള്ള മലയാളി കലാകാരൻമാരുടെയും യാത്രികരുടെയും ഭക്ഷണപ്രിയരുടെയും ഫെയ്സ്ബുക്ക് കൂട്ടായ്മയായ മല്ലു കഫെക്ക് വേണ്ടിയാണ് ഈ അത്യപൂര്‍വ ഒരുമിക്കല്‍.

പ്രശസ്ത ആർക്കിടെക്റ്റും കേരളത്തിലെ ആദ്യത്തെകാലത്തെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ജിഗ്സോ പസിലിന്‍റെ മുഖ്യസൂത്രധാരനുമായ റിയാസ് മുഹമ്മദാണ് ഈ നൂതന ആശയത്തിന് പിന്നിൽ. ഈ കോവിഡ് കാലത്ത്  ലോകത്തിന്‍റെ പലഭാഗത്തും ലോക്ക്ഡൗണിൽ അകപ്പെട്ടിരിക്കുന്ന ഈ കൂട്ടുകാരുടെ ഈ മ്യൂസിക് വിശേഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും കാഴ്ചക്കാരെ നേടുന്നു.