ഇവാന്‍ക ഇന്ത്യയില്‍ ധരിച്ചത് അര്‍ജന്റീനയില്‍ ധരിച്ച അതേ വസ്ത്രം; വില 1.7 ലക്ഷം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം നയതന്ത്ര ലോകത്ത് മാത്രമല്ല, ഫാഷന്‍ ലോകത്തും ആകാംക്ഷ നിറയ്ക്കുന്നതാണ്. ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ, മകള്‍ ഇവാന്‍ക എന്നിവരിലേക്കാണ് ഫാഷന്‍ ലോകത്തിന്റെ കണ്ണ്. 

വസ്ത്രധാരണത്തില്‍ ഏറെ വ്യത്യസ്ത പുലര്‍ത്തുന്നവരാണ് ഇരുവരും. ആദ്യദിനം മെലാനിയ ധരിച്ച ജംപ്സ്യൂട്ടും അരപ്പട്ടയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മകള്‍ ഇവാന്‍കയുടെ വസ്ത്രവും ശ്രദ്ധ നേടിയിരുന്നു. ഇതിന് മുന്‍പ് അര്‍ജന്റീനയില്‍ ധരിച്ച അതേ വസ്ത്രമണിഞ്ഞാണ് ഇവാന്‍കയെത്തിയത് എന്നാണ് വിവരം. 

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ ബ്രാൻഡായ പ്രോൻസ ഷൗലിന്റെ ചുവപ്പ് ഫ്ലോറൽ പ്രിന്റുകളുള്ള ബേബി ബ്ലൂ ഡ്രസ് ആണ് ഇവാൻക ധരിച്ചത്. 2019ൽ അർജന്റീന സന്ദർശിച്ചപ്പോൾ ഇവാന്‍ക ഇതേ വസ്ത്രം ധരിച്ചിരുന്നു. ‘സസ്റ്റൈനബിൾ ഫാഷൻ’ എന്ന ആശയം വളരെ ഗൗരവത്തോടെ ചർച്ചയാകുന്ന സമയത്തു തന്നെ ഇത്തരമൊരു ശ്രമം ഇവാൻക നടത്തിയതാണ് ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടാൻ കാരണമായത്. 

1.7 ലക്ഷം രൂപയാണ് ഈ വസ്ത്രത്തിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.