‘അസ്ന, കണ്ണൂര്‍, ആറു വയസ്’; ആ കത്തും വീട്ടിലെത്തി; നാടിനായി ഡോക്ടറായവള്‍

നിശ്ചയദാര്‍ഢ്യത്തിനും കരുത്തിനും മലയാളിയുടെ അടയാളമാണ് കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശി അസ്ന. രാഷ്‌ട്രീയ പകയുടെ പേരിൽ എറിഞ്ഞ ബോംബ് തന്റെ ജീവിതം എടുക്കാന്‍ അനുവദിക്കാത കരുത്ത് കാട്ടിയ അസ്ന മാത്യകയാണ്. ഒരു ജീവിതം മുഴുവൻ അനുഭവിക്കേണ്ട ദുരിതമാണ് ബോംബ് രാഷ്‌ട്രീയം ഈ പെൺകുട്ടിക്കു സമ്മാനിച്ചത്. രാഷ്‌ട്രീയം എന്തെന്ന് അറിയാത്ത പ്രായത്തിൽ അനുജനൊടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ  ആർഎസ്‌എസ് പ്രവർത്തകര്‍ വലിച്ചെറിഞ്ഞ ബോംബാണ് അസ്‌നയുടെ ഭാവി നിർണയിച്ചത്.

2000 സെപ്‌റ്റംബർ 27ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കേരളത്തിന് നൽകിയത് ഒരു അഞ്ച് വയസുകാരിയുടെ തീരാ കണ്ണീരായിരുന്നു. അസ്‌നയെ തലശേരിയിലും പിന്നീട് കൊച്ചിയിലും മൂന്നു മാസത്തോളം ചികിത്സിക്കേണ്ടി വന്നു. വലതുകാൽ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റി. അന്ന് ഒന്നാം ക്ലാസി ൽ പഠിക്കുകയായിരുന്ന അസ്‌ന പിന്നീടു കൃത്രിമക്കാൽ വച്ചാണ് നടന്നത്. എസ്‌എസ്‌എൽസിക്കും പ്ലസ്‌ടുവിനും മികച്ച വിജയം നേടി. പ്ലസ് ടുവിന് 86% മാർക്കുണ്ടായിരുന്നു. 

പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ബോംബേറ് ഏറെ വിവാദമുയർത്തിയിരുന്നു. അസ്നയ്ക്ക് നേരെ നടന്ന വധശ്രമം ആക്രമരാഷ്ട്രീയത്തിനെതിരെ വലിയ ചര്‍ച്ചകള്‍ നടന്നു. അസ്നയക്ക് പിന്തുണയുമായി നിരവധി ആളുകള്‍ എത്തിയിരുന്നു. അസ്ന, കണ്ണൂര്‍, പിശാചുകളാല്‍ ഛേദിക്കപ്പെട്ട കാലുള്ളവള്‍, നിഷ്കളങ്ക എന്ന വിലാസത്തില്‍ കത്തുകള്‍ വരെ അസ്നയ്ക്ക് ലഭിച്ചിരുന്നു. നാടും നാട്ടുകാരും പ്രിയപ്പെട്ടവരും അസ്നയ്ക്കൊപ്പം നിന്നു. 

മകളെ കിലോമിറ്ററുകള്‍ അപ്പുറത്തുള്ള സ്കൂളില്‍ എത്തികാന്‍ അച്ഛന്‍ നാണുവിന് തന്റെ ചായക്കട നിര്‍ത്തേണ്ടി വന്നു. ഡിസിസിയുടെ നേതൃത്വത്തിൽ കുടുംബത്തിന് വീട് നിർമിച്ചു നൽകി. നാട്ടുകാർ 15 ലക്ഷത്തോളം രൂപ സമാഹരിച്ചു നൽകുകയും ചെയ്‌തു. ഇതിനിടെ അസ്‌ന വധശ്രമ കേസിൽ 13 ബിജെപി, ആർഎസ്‌എസ് പ്രവർത്തകരെ അതിവേഗ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ ശിക്ഷയും വിധിച്ചു. ഇവരെ ശിക്ഷിച്ചതു കൊണ്ട് താന്‍ അനുഭവിച്ച വേദന മാറില്ലല്ലോ എന്നായിരുന്നു മറുപടി.

കോഴിക്കോട് മെഡിക്കൽ കോളജിൽ  പ്രവേശനം ലഭിച്ചപ്പോള്‍ അസ്‌നയ്‌ക്ക് മൂന്നാം നിലയിലെ ക്ലാസ് മുറിയിലേക്കു നടന്നു കയറുന്നതു ബുദ്ധിമുട്ടായി. കൂടുതൽ വിദ്യാർഥികളുള്ളതിനാൽ ക്ലാസ് മുറി മാറ്റാനും കഴിയാത്ത അവസ്‌ഥയായിരുന്നു. ഇക്കാര്യം അന്നത്തെ കെഎസ്‌യു നേതാവ് റോബർട്ട് വെള്ളാംപള്ളി, ടി.സിദ്ദീഖ് മുഖേന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇതോടെ അസ്‌നയ്‌ക്ക് ക്ലാസിലെത്താൻ വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ 36 ലക്ഷം രൂപ ചെലവിട്ടു ലിഫ്‌റ്റ് നിർമിക്കാന്‍ ഉമ്മൻചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു. 

ഒരു നാടിന്റെ പിന്തുണയും പ്രാർഥനയും അസ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നു. എല്ലാം എന്നും മനസ്സിൽ ഉുരുവിടുന്ന അസ്‌നയുടെ പ്രതികരണവും പ്രതിജ്‌ഞയും ഇത്രമാത്രം: പിന്തുണച്ചവർക്കും പ്രാർഥിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി. അവർക്കു വേണ്ടി തിരിച്ചെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ജീവിതം തിരിച്ചു നൽകിയ വൈദ്യശാസ്‌ത്രത്തിനു മുന്നിലേക്ക് അസ്ന എത്തിയത്.