50 അടി ഉയരത്തിൽ പൂച്ച; കൊച്ചി നഗരം സാക്ഷിയായത് സംഭവബഹുലമായ മണിക്കൂറുകള്‍ക്ക്; വിഡിയോ

കൊച്ചി: അൻപതടി ഉയരത്തിൽ നിസ്സഹായതയോടെ നിലവിളിച്ച് ഒരു കൊച്ചു പൂച്ച. താഴെ അഗ്നിരക്ഷാസേനയും പൊലീസും മൃഗസ്നേഹികളും മാധ്യമങ്ങളും നാട്ടുകാരുമുൾപ്പെടെ വൻസംഘം. നഗരം സാക്ഷിയായത് ഒരു ചലച്ചിത്രം പോലെ സംഭവബഹുലമായ രണ്ടര മണിക്കൂറിന്.  ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്ന വൈറ്റില ജംക്‌ഷനിലേക്കു ചാനലുകളുടെ ലൈവ് ക്യാമറകൾ മിഴിതുറന്നത് രാവിലെ 11.30 ന്. 6 ദിവസമായി മെട്രോ തൂണിനു മുകളിൽ കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷിക്കാൻ അഗ്നിരക്ഷാസേനയും മൃഗസ്നേഹികളും എത്തിയെങ്കിലും തൂണിനു മുകളിലേക്കു കയറാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. 

വൈകിട്ട് നിലമ്പൂർ നിന്നുള്ള വിദഗ്ധ സംഘം എത്തി പൂച്ചയെ പിടിക്കുമെന്ന് അറിയിച്ചതോടെ രക്ഷാപ്രവർത്തനം നീട്ടിവയ്ക്കാൻ ധാരണയായി. അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന മാൻ ലിഫ്റ്റർ വിട്ടു കൊടുക്കാമെന്ന് സ്ഥലത്തെത്തിയ മെട്രോ ഉദ്യോഗസ്ഥ സംഘം അറിയിച്ചതോടെ ‘ആദ്യ ട്വിസ്റ്റ്’.  അഗ്നിശമനസേനാ ഉദ്യോഗസ്ഥരായ ബിജോയ് കെ.പീറ്ററും കെ.എസ്.സുജീന്ദ്രനും 11.45ന് മാൻ ലിഫ്റ്ററിൽ കയറി തൂണിനു മുകളിലെത്തി. തൂണിന്റെ പിയർക്യാപ്പുകൾക്കു നടുവിലുള്ള ദുഷ്കരമായ വിടവിലേക്ക് ഇരുവരും നുഴഞ്ഞു കയറി. 

മനുഷ്യസാന്നിധ്യം അറിഞ്ഞ പൂച്ച ഇതോടെ ഓട്ടം തുടങ്ങി. പൂച്ചയ്ക്കു പിന്നാലെ നിരങ്ങി നീങ്ങി ഉദ്യോഗസ്ഥരും.താഴെ വീണ് പൂച്ചയ്ക്ക് അപകടം പറ്റാതിരിക്കാൻ വല പിടിച്ചുനിന്ന സംഘവും റോഡിനിരുപുറത്തേക്കും ഓട്ടമായി. ചാനലും ബഹളവും കണ്ടു കാഴ്ചക്കാർ തടിച്ചു കൂടിയതോടെ സഹോദരൻ അയ്യപ്പൻ റോഡിലെ ഗതാഗതം പലതവണ തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 12.30ന് തൂണിനു മുകളിലെ ‘ഒളിസങ്കേത’ത്തിലേക്കു പൂച്ച മറഞ്ഞതോടെ മെട്രോ ട്രാക്കിലേക്കു കയറിപ്പോയോ എന്ന ആശങ്കയായി, സർവീസ് നിർത്തിവച്ചു.

പാളത്തിലെ വൈദ്യുതി പ്രവാഹം നിർത്തി മെട്രോ അധികൃതർ പരിശോധന തുടങ്ങിയതോടെ രക്ഷാപ്രവർത്തനത്തിന് ‘ഇടവേള’. പൂച്ച ട്രാക്കിലില്ലെന്നു മെട്രോ അധികൃതരുടെ അറിയിപ്പെത്തിയതോടെ ദൗത്യത്തിനു വീണ്ടും ജീവൻ വച്ചു. നേരത്തെ മുകളിൽ കയറിയ 2 പേർക്കു പുറമേ ഗാന്ധിനഗർ ഫയർ സ്റ്റേഷൻ ഓഫിസർ എം.ആർ.സുനിൽകുമാറും ഓഫിസർ വി.പി.സുനിലും മാൻ ലിഫ്റ്ററിൽ മുകളിലേക്ക്. എന്നാൽ, പൂച്ച പിടികൊടുക്കാതെ ട്രാക്കിനു താഴെയുള്ള ബീമിലേക്കു മാറി. ഇതോടെ പൂച്ചയെ താഴെ വലയിലേക്കു തള്ളിയിടാനുള്ള ശ്രമമായി. 

വി.പി.സുനിലിന്റെ ശ്രമം 2.45ന് വിജയിച്ചു. താഴേക്കു വീണ പൂച്ച കൃത്യമായി വലയിലെത്തിയെങ്കിലും കുതിച്ചോടിയതോടെ ‘ക്ലൈമാക്സ്’. പിടിക്കാൻ ശ്രമിച്ച 2 പേരുടെ വിരൽ കടിച്ചു മുറിച്ചു പൂച്ചയുടെ വക ചെറിയൊരു പ്രതികാരം. ഒടുവിൽ മൃഗസ്നേഹി സംഘടനയിലെ അംഗം തുണികൊണ്ടു മൂടി പൂച്ചയെ പിടികൂടിയതോടെ സർവംശുഭം.‘ഒരു പൂച്ച വിചാരിച്ചാൽ എന്താ നടക്കാത്തത്’ എന്ന ആത്മഗതത്തോടെ കാണികൾ കളമൊഴിഞ്ഞതോടെ എല്ലാം പഴയപടിയായി.