അവിശ്വസനീയം ഈ അപകടം; ആളില്ലാതെ ഓടിയ ബൈക്ക് ഇടിച്ചു; സംഭവിച്ചത്

അങ്കമാലി: വിശ്വസിക്കാൻ പ്രയാസമാണ് ഈ ബൈക്കപകടം. ടെൽക്കിന്റെ ഗേറ്റിനുള്ളിൽ സെക്യൂരിറ്റി ഓഫിസിനു മുന്നിൽ നിൽക്കെ അപകടത്തിൽപെട്ട സെക്യൂരിറ്റി ജീവനക്കാരൻ സുരേന്ദ്രൻ നായരും (50) അപകടം ഗേറ്റ് കടന്നുവരുന്നത് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ടെൽക് മേ‍ൽപാലത്തിൽ അപകടത്തിൽപ്പെട്ട് യാത്രക്കാരൻ തെറിച്ചുവീണതിനെ തുടർന്ന് ആളില്ലാതെ റോഡിനു കുറുകെ ഓടിയ ബൈക്കാണ് ഗേറ്റ് കടന്നെത്തി സെക്യൂരിറ്റി ഓഫിസിന്റെ വരാന്തയിൽ നിന്ന സുരേന്ദ്രൻനായരെ ഇടിച്ചു വീഴ്ത്തിയത്.

വിശ്വസിക്കാൻ പറ്റാത്ത ഒട്ടേറെ കാര്യങ്ങൾ ഈ അപകടത്തിലുണ്ട്. പാലത്തിൽ വച്ച് ബൈക്ക് പെട്ടെന്നു തകരാറിലായി. ഏറെ നേരം കാത്തുനിന്നാൽ മാത്രം കുറുകെ കടക്കാനാകുന്ന തിരക്കേറിയ ദേശീയപാതയുടെ രണ്ടുവരി റോഡുകളും അനായാസം ബൈക്കു കടന്നു. യാത്രക്കാരൻ ഇരുന്ന് ഓടിച്ചു കയറ്റിയാൽ പോലും ടെൽക്കിന്റെ ചെറുഗേറ്റ് കടന്ന് സെക്യൂരിറ്റി ഓഫിസിന്റെ വരാന്തയിലേക്കു കയറ്റാനാവില്ല. പോസ്റ്റ് കടന്നു വരാന്തയിലേക്കു കയറുക പ്രയാസം. സുരേന്ദ്രൻനായർ ഭക്ഷണം കഴിക്കാനായി സെക്യൂരിറ്റി ഓഫിസിൽ നിന്ന് പുറത്തിറങ്ങി സുഹൃത്തിനെ നോക്കാനായി തിരിഞ്ഞപ്പോഴാണ് പിന്നിൽ നിന്നു ബൈക്കിടിച്ചത്. അദ്ദേഹത്തിന്റെ ദേഹത്തേക്കു ബൈക്ക് വീണു.

കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്കു പോയ ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരൻ വാൽപാറൈ മുക്കോട്ടുകുടി ദിനേഷ്കുമാറാണ് (29) ടെൽക് റെയിൽവേ മേൽപാലത്തിനു സമീപം അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറിലായതിനെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. ദിനേഷ്കുമാർ മേൽപാലത്തിന്റെ കൈവരിയിൽ തൂങ്ങിക്കിടന്നു. ഇരുവരെയും ഫയർഫോഴ്സ് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലുകൾക്കു പൊട്ടലുള്ള ദിനേഷ്കുമാറിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.സുരേന്ദ്രൻനായർ പ്രഥമശുശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു.