ഐടി മുതൽ ഐപിഎസ് വരെ; പലയിടത്ത് പല ജോലി; വിപിന്റെ തട്ടിപ്പ് വഴികൾ

ഐടി മുതൽ ഐ.പി.എസ് വരെ; വിപിൻ കാർത്തിക്കിന്റെ പേരിൽ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 15 ഓളം കേസുകൾ. ഗുരുവായൂരിൽ ഐ.പി.എസ് ചമഞ്ഞ് ബാങ്കിനെ കബളിപ്പിച്ച് വായപയെടുത്ത വിപിൻ കാർത്തിക്ക് തട്ടിപ്പ് പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഗുരുവായൂർ സി.ഐ. സി. പ്രേമാനന്ദകൃഷ്ണൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. തിരുവനന്തപുരം മുതൽ കാസൽകോഡ് വരെ വിപിനും അമ്മയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും സാഹചര്യത്തിനനുസരിച്ച് വിപിൻ തൊഴിൽ മാറ്റും. ചില സ്ഥലങ്ങളിൽ ഐടി ഉദ്യോഗസ്ഥനായിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. വിപിന്റെ വാക്ചാതുരിയിലാണ് പലരും വീഴുന്നത്. വായ്പയെടുത്ത ബാങ്കിനും സംഭവിച്ചത് അതേ വീഴ്ച തന്നെയാണെന്ന് സിഐ പറഞ്ഞു.

ഐപിഎസുകാരനാണെന്ന് പറഞ്ഞപ്പോൾ ബാങ്ക് അധികൃതർ വിശ്വസിച്ചു. സാലറി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെടുത്തു. പലയിടത്ത് നിന്നും പണ്ടും തട്ടിപ്പ് നടത്തിയിരുന്നതിനാൽ ബാങ്കിൽ പണമുണ്ടായിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റിന് അതും നൽകി. ബാങ്കുകാർ കൂടുതൽ പരിശോധനയ്ക്ക് നിന്നില്ല. വിവാഹത്തിന് പൊലീസുകാരെവരെ ക്ഷണിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരോടും ഐപിഎസ് കള്ളം തന്നെയാണ് പറഞ്ഞത്. ഫെബ്രുവരി 16നു അടൂരിലുള്ള യുവതിയുമായി വിവാഹം റജിസ്റ്റർ ചെയ്യാനായി ഗുരുവായൂർ കോട്ടപ്പടി സബ് റജിസ്ട്രാർ ഓഫിസിലാണ് വരന്റെയും വധുവിന്റെയും ഫോട്ടോ പതിച്ചു വിവാഹ അറിയിപ്പ് പ്രസിദ്ധീകരിച്ചത്.

ഇതിൽ കാണിച്ച ജോലി ‘എഎസ്പി’ എന്നാണ്. പൊലീസുകാരിൽ പലരെയും വിവാഹത്തിനും ക്ഷണിച്ചിരുന്നു. തൃശൂരുള്ള ഒരു ജിമ്മിലും ഇയാൾ അംഗമായിരുന്നു. അവിടെയും പറഞ്ഞത് ഇതേ കള്ളമാണ്. വിപിന്റെ അമ്മ ശ്യാമളയെ പൊലീസ് പിടികൂടിയിട്ടുണ്ട്. വിപിന് വേണ്ടിയുള്ള തിരച്ചൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.- സിഐ പറഞ്ഞു. 

വിപിനും അമ്മ തലശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ ശ്യാമള വേണുഗോപാലും (58) ചേർന്ന് ഗുരുവായൂരിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് 12 കാറുകൾ വാങ്ങി മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥയിൽ നിന്ന് 97 പവനും 25 ലക്ഷവും കൈപ്പറ്റി. വീടു വളഞ്ഞ പൊലീസ് ഞായറാഴ്ച  അമ്മയെ അറസ്റ്റ് ചെയ്തെങ്കിലും മകൻ കടന്നു കളയുകയായിരുന്നു