പൊരുതി നേടിയ സ്വപ്നം; മൂന്നാം ശ്രമം; 143-ാം റാങ്ക് നേടി ദേവി

കഠിനശ്രമത്തിലൂടെ പൊരുതി  നേടിയ സ്വപ്നമാണ് ദേവിക്ക് സിവില്‍ സര്‍വീസ് വിജയം.നിശ്ചയദാര്‍ഢ്യമാണ്  ആലപ്പുഴ കോടംതുരുത്ത് വല്ലേത്തോട് സ്വദേശി  പി.ദേവിയുടെ വിജയത്തിന്‍റെ അടിസ്ഥാനം. സിവില്‍ സര്‍വീസ് പരീക്ഷയില്‍  143–ാം റാങ്കാണ്  ദേവിക്ക്. 

മൂന്നാമത്തെ ശ്രമത്തിലാണ് പി. ദേവിക്ക് സിവില്‍ സര്‍വീസ് നേട്ടം സ്വന്തമായത്.നിശ്ചയദാര്‍ഡ്യവും കഠിനപരിശ്രമവുമാണ് ദേവിയുടെ വിജയത്തിനാധാരം. 143–ാം റാങ്കാണ് ദേവിക്ക്. ആദ്യതവണ എഴുതിയപ്പോള്‍ പ്രാഥമിക തലത്തിനപ്പുറം കടന്നില്ല. രണ്ടാംതവണ പ്രിലിമിനറിയും മെയിന്‍ പരീക്ഷയും ജയിച്ചെങ്കിലും അഭിമുഖത്തില്‍ മാര്‍ക്ക്  കുറഞ്ഞു. നിരാശയാകാതെ മൂന്നാം തവണയും ശ്രമിച്ചു, സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ഥ്യമായി. ജ്യോഗ്രഫിയായിരുന്നു വിഷയം.  വല്ലത്തോട് ചങ്ങരം കിഴക്കമുറിയില്‍ കെ.പി.പ്രേമചന്ദ്രന്‍റെയും  റിട്ട.ഹെഡ്മിസ്ട്രസ് ഗീതയുടെയും ഇളയ മകളാണ്.

പട്ടണക്കാട് പബ്ളിക് സ്കൂളില്‍ നിന്ന് പ്ലസ് ടു സ്കൂള്‍ ഫസ്റ്റായി ജയിച്ചു. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിടെക് കഴിഞ്ഞ് ടെക്നോപാര്‍ക്കില്‍  ജോലി ചെയ്യുകയായിരുന്നു.ജോലിയും പഠനവും ഒന്നിച്ചുകൊണ്ടുപോകാനാവാതെവന്നതോടെ ജോലി ഉപേക്ഷിച്ച് സിവില്‍ സര്‍വീസ് എന്ന ഒറ്റലക്ഷ്യത്തില്‍ മാത്രം കേന്ദ്രീകരിക്കുകയായിരുന്നു.  സമര്‍പ്പണവും കഠിനാധ്വാനവും പാഴായില്ലെന്ന സന്തോഷമാണ് ദേവിക്കും കുടുബത്തിനും.