ഫയർമാൻ ജോലിക്കിടെ പഠനം; സിവിൽ സർവീസിൽ വൻ നേട്ടം: അറിയാം: അഭിമുഖം

മനസിലെ അഗ്നികെടാതെ സൂക്ഷിക്കുക; പരിശ്രമിക്കാനുള്ള മനസുണ്ടാകുക. ഈ പരിശ്രമാഗ്നിയുടെ കരുത്തിലാണ് ആശിഷ് ദാസ് എന്ന ഫയർമാൻ സിവിൽ സർവീസിന്റെ പടവുകൾ കയറിയത്. ജോലിക്കിടെയാണ് കൊല്ലം പത്തനാപുരം ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ആശിഷ് ദാസ് ഈ വർഷത്തെ സിവിൽ സർവീസിന്റെ ഫലം അറിയുന്നത്. റിസൾട്ട് നോക്കുമ്പോൾ പരിശ്രമത്തിന്റെ ഫലം 291-ാം റാങ്കിന്റെ രൂപത്തിൽ തെളിഞ്ഞുകണ്ടു. ആറുവർഷം നീണ്ട പരിശ്രമത്തിന്റെ ഫലമാണ് കൊല്ലം സ്വദേശിയായ ആശിഷിന്റെ ഈ റാങ്ക്.

ജോലിയോടൊപ്പമാണ് ആശിഷ് പഠനത്തിന് സമയം കണ്ടെത്തിയത്. അവശ്യസേവന വിഭാഗത്തിലെ ജോലിക്കൊപ്പം സിവിൽസർവീസ് നേട്ടം സ്വന്തമാക്കിയതിനെക്കുറിച്ച് ആശിഷ് മനോരമന്യൂസിനോട് സംസാരിച്ചതിങ്ങനെ:

ജോലിയോടൊപ്പമുള്ള പഠനരീതി എങ്ങനെയായിരുന്നു?

എന്നെക്കൊണ്ട് പഠിക്കാൻ പറ്റുന്നത് മാത്രമാണ് ഞാൻ പഠിച്ചത്. ഒരു ആറുവർഷമായിട്ട് ഞാൻ സിവിൽ സർവീസ് പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്നുണ്ട്. എന്നാൽ അപ്പോഴെല്ലാം കൂടുതൽ അറിവ് സമ്പാദിക്കുന്നതിനാണ് ഞാൻ പ്രാധാന്യം നൽകിയത്. ആവശ്യമില്ലാതെ ഒരുപാട് സ്റ്റഡീമെറ്റീരിയൽസൊക്കെ ശേഖരിച്ചു. ഈ പരീക്ഷയ്ക്ക് വേണ്ടത് സ്മാർട്ട് വർക്കാണെന്ന് മനസിലാക്കിയത് വൈകിയാണ്. ഒരുപാട് അറിവ് സമ്പാദിക്കുന്നതിൽ അല്ല കാര്യം, നമ്മൾ പഠിച്ച കാര്യങ്ങൾ എങ്ങനെ കൃത്യമായി പ്രായോഗികമാക്കുന്നുവെന്നുള്ളത്.

ഇന്റർനെറ്റിലൊക്കെ ഒരുപാട് ടോപ്പേഴ്സിന്റെ പഠനരീതികളൊക്കെയുണ്ട്. എന്നാൽ ജോലിയോടൊപ്പമുള്ള പഠനമായതിനാൽ ഞാൻ എന്റേതായ രീതിയ്ക്കാണ് പഠിച്ചത്. ഓരോ വിഷയത്തിലും പ്രധാന്യം കൂടതലുള്ള ചില ഭാഗങ്ങളുണ്ട്. അവയ്ക്ക് ഊന്നൽ നൽകിയുള്ള ചിട്ടയായ പഠനമായിരുന്നു എന്റേത്. എപ്പോൾ വേണമെങ്കിലും വിളി വരാവുന്ന വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. മിക്കവാറും 24 മണിക്കൂറായിരിക്കും ജോലി. അതിനുശേഷം 24 മണിക്കൂർ വിശ്രമം. അങ്ങനെ വീണുകിട്ടുന്ന ദിവസങ്ങളിലായിരുന്നു പഠനം. ജോലിയുള്ളത് ഒരു ധൈര്യമായിരുന്നു. സർവീസ് കിട്ടിയില്ലെങ്കിലും ഒരു ജോലിയുള്ളത് സമാധാനമായിരുന്നു. 

സിവിൽ സർവീസ് മോഹത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

2012ലാണ് അഗ്നിശമനസേനയിൽ ജോലിക്കു കയറിയത്. പരിശീലനത്തിനിടയിലുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. അത് ആത്മവിശ്വാസം നൽകുന്നയൊന്നായിരുന്നു. എന്തുകൊണ്ട് സിവിൽ സർവീസിന് ശ്രമിച്ചുകൂടായെന്ന ചിന്ത തോന്നുന്നത് അപ്പോഴാണ്. ജോലിയോടൊപ്പം പഠിച്ച് വിജയം നേടിയ ഒരുപാട് പേരുടെ മാതൃകകൾ നമ്മുടെ മുന്നിലുണ്ട്. അവർക്ക് ആകുമെങ്കിൽ എനിക്കും ആകുമെന്ന് തോന്നി അങ്ങനെയാണ് പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുന്നത്.

എവിടെയായിരുന്നു പരിശീലനം?

തിരുവനന്തപുരത്ത് രണ്ട് സ്വകാര്യസ്ഥാപനങ്ങളുടെ സഹായം തേടി. മലയാളമാണ് എന്റെ ഓപ്ഷണൽ. അത് പഠിച്ചത് ജോബിൻ എസ് കൊട്ടാരമെന്ന സാറിന്റെ കീഴിലാണ്.

ഈ നേട്ടത്തിൽ കുടുംബത്തിന്റെ പിന്തുണ എത്രമാത്രമുണ്ട്?

ഞാൻ വിവാഹിതനാണ്. എഴുമാസം പ്രായമുള്ള ഒരു മകളുമുണ്ട്. കുടുംബത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്നു. എന്നാൽ എനിക്ക് താങ്ങായി നിന്നത് എന്റെ ഭാര്യ സൂര്യയാണ്. അവളുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഈ പരീക്ഷ വിജയിക്കില്ലായിരുന്നു. പഠനത്തിന്റെ ഒരു ഘട്ടത്തിൽ ഒന്നരവർഷത്തോളം ലീവെടുക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഭാര്യയാണ്. അവൾക്ക് ജോലിയുണ്ട്. സൗദിയിൽ നഴ്സാണ്. ജോലി രാജിവെച്ച് പഠിക്കാനുള്ള ഒരു സാഹചര്യമല്ല വീട്ടിലുള്ളത്. അച്ഛൻ ദുബായിലായിരുന്നു. ഇപ്പോൾ നാട്ടിൽ വന്ന് ഒരു കോൾഡ് സ്റ്റോറേജ് നടത്തുന്നു. അമ്മ സ്കൂളിൽ ആയ ആയിരുന്നു. ഞാൻ ഒറ്റമകനാണ്. എന്നാൽപ്പോലും ജോലി ഉപേക്ഷിച്ച് പഠിക്കാൻ പോകാനുള്ള ചുറ്റുപാട് ഇല്ലായിരുന്നു. അതുകൊണ്ടാണ് ലീവെടുത്ത് പഠിക്കാൻ പോയത്. ഈ സമയത്തെല്ലാം കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയത് ഭാര്യയാണ്. അവൾ തന്ന പ്രചോദനമാണ് ഈ റാങ്ക്. 

എവിടെയായിരുന്നു വിദ്യാഭ്യാസം?

കൊല്ലം സെന്റ് ജൂഡ് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു സെന്റ് ആന്റണീസ് സ്കൂളിൽ. 2009ൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ബെംഗളൂരുവിൽനിന്നു പാസായി.