78–ാം വയസില്‍ എസ്.എസ്.എല്‍.സി, നീന്തല്‍ പഠനം; പങ്കജാക്ഷിയമ്മ സൂപ്പറാണ്

പഠിക്കുന്നതിന് പ്രായമൊരു തടസമേയല്ലെന്ന് ചിരിച്ചു കൊണ്ട് പറയും പങ്കജാക്ഷിയമ്മ. അത് വെറുമൊരു പറച്ചിലല്ല. 78–ാം വയസില്‍ എസ്എസ്എല്‍സി പരീക്ഷ പാസായിട്ടാണ് ആ ചിരി. പിണറായി പാറപ്പുറം സ്വദേശിയാണ് പങ്കജാക്ഷിയമ്മ.അമ്മയെ മൈസൂരിലും ഊട്ടിയിലും കൊണ്ട് പോയാണ് മക്കള്‍ ഈ വിജയം ആഘോഷിച്ചത്.

സാക്ഷരതാ മിഷന്റെ പത്താംക്ലാസ് തുല്യതാ പരീക്ഷ ജയിച്ചെന്നും പറഞ്ഞ് വെറുതേയിരിക്കാന്‍ പങ്കജാക്ഷിയമ്മ തയ്യാറായില്ല. നേരെ പോയി പ്ലസ് വണില്‍ ചേര്‍ന്നിട്ടുണ്ട് ഈ 'വല്യ' മിടുക്കി. ഹ്യുമാനിറ്റീസ് ആണ് വിഷയം. 

നാലാം ക്ലാസ് വരെ മാത്രമേ പങ്കജാക്ഷിയമ്മ സ്കൂളില്‍ പോയി പഠിച്ചിട്ടുള്ളൂ. പിള്ളാരൊക്കെ എ പ്ലസ് വാങ്ങുന്നത് കണ്ടപ്പോള്‍ ഒരു മോഹം തോന്നി. പിന്നെ മടിച്ചില്ല. പോയി ഏഴാം ക്ലാസില്‍ ചേര്‍ന്നു. ജയിച്ചു. പത്താം ക്ലാസ് മൂന്ന് വട്ടം തോറ്റു. പക്ഷേ പിന്‍മാറാന്‍ പങ്കജാക്ഷിയമ്മ തയ്യാറായില്ല.

പഠനത്തില്‍ മാത്രമല്ല നീന്തലിലും ഒരു കൈ നോക്കാനായിട്ടുണ്ട് പങ്കജാക്ഷിയമ്മ. 77–ാം വയസില്‍ പോയി നീന്തല്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റും നേടി. ഇതിനും പുറമേ കുടുംബശ്രീ സംഘടിപ്പിച്ച ഫാഷന്‍ ഡിസൈനിങ് കോഴ്സും പൂര്‍ത്തിയാക്കി. മനസ് വച്ചാല്‍ എല്ലാം നടക്കും എന്നും നിരന്തര പരിശ്രമമാണ് വേണ്ടതെന്നും അവര്‍ പറയുന്നു.